സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച നടപടി നിർത്തിവെക്കാൻ കാസർകോടുള്ള രക്ഷിതാവിന്റെ ഹർജിയിൽ സ്റ്റേ വിസമ്മതിച്ച് ഹൈക്കോടതി
എറണാകുളം: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പ് നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇപ്പോൾ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സ് ഉൾപ്പെടെയുള്ളവുടെ സഹായം തേടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതൊക്കെ പരിഗണിച്ചാണ് നടപടി സ്റ്റേ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിൽ കോടതി എത്തിയത്. ഇതു സംബന്ധിച്ച ഹർജി സിംഗിൾ ബഞ്ച് ചീഫ് ജസ്റ്റിസ് ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.ഈ മാസം 14 വരെ ഓൺലൈൻ ക്ലാസ്സുകൾ ഇങ്ങനെ തന്നെ തുടരുമെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. അതിനു ശേഷം മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടെങ്കിൽ വരുത്തും. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമേ ക്ലാസുകൾ തുടങ്ങൂ. പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ സ്പോൺസേഴ്സിനെ തേടുകയാണ്. നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.ആവശ്യത്തിന് സൗകര്യം ഒരുക്കാതെ ഉള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. കാസർകോടുള്ള ഒരു രക്ഷിതാവാണ് ഹർജി നൽകിയത്. കൊവിഡ് മഹാമാരി മറികടക്കുന്നതിനാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് എന്നാണ് മനസിലാക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.