മുംബൈ സെവൻഹിൽ ആശുപത്രിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം
തിരുവനന്തപുരം : കോവിഡ് അനിയന്ത്രിതമായി പടരുന്ന മുംബൈയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സന്നദ്ധസേവനം നടത്തുന്ന മലയാളി ആരോഗ്യ സംഘം. പ്രതിദിനം ആയിരക്കണക്കിനാളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. നൂറിലധികം പേരുടെ ജീവൻ പൊലിയുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു. തീവ്ര പരിചരണം ആവശ്യമായ രോഗികളുമായി ആംബുലൻസുകൾ ഒഴിവുള്ള ആശുപത്രി തേടി പായുകയാണ്. പരിചരണം ലഭിക്കാതെ പലരും ആംബുലൻസിൽ തന്നെ മരിക്കുന്നു. മഹാമാരിക്ക് മുമ്പിൽ നിസ്സഹായരായി നിൽക്കുകയാണ് മുംബൈ നഗരവാസികളെന്ന് സന്നദ്ധസംഘ തലവൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാർ പറഞ്ഞു.
‘രോഗനിയന്ത്രണം സാധ്യമല്ലാത്ത അവസ്ഥയാണ് മഹാരാഷ്ട്രയിൽ, പ്രത്യേകിച്ച് മുംബൈയിൽ. രോഗം നമ്മുടെ സങ്കൽപ്പത്തിനും അപ്പുറം വ്യാപിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നതിനാൽ പല ആശുപത്രികളുടെയും പ്രവർത്തനം നിലച്ച മട്ടാണ്. അതിജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ തെരുവീഥികളിൽ തിരക്കേറുന്നു. കേരളത്തിലേതുപോലെ ഫലപ്രദമായ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നുമില്ല,’ ഡോ. സന്തോഷ് കുമാറിന്റെ വാക്കുകൾ.
രോഗികളിൽ വലിയ ഭാഗത്തിന്റെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പുതുതായി തുറക്കുന്ന കോവിഡ് ആശുപത്രികൾ നിമിഷനേരം കൊണ്ടാണ് നിറയുന്നത്.
റേസ് കോഴ്സിൽ കോവിഡ് ആശുപത്രി തുടങ്ങാൻ മുംബൈ കോർപറേഷൻ തീരുമാനിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ഇത് മാറ്റി. 1500 കിടക്കയുള്ള വമ്പൻ സ്വകാര്യ ആശുപത്രി ‘സെവൻ ഹിൽ’ സർക്കാർ ഏറ്റെടുത്തു. 700 രോഗികളെ ഇതിനോടകം പ്രവേശിപ്പിച്ചു. 20 ഐസിയു കിടക്കകൾ മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്. കേരളത്തിൽനിന്നുള്ള 18 അംഗ സംഘം ചൊവ്വാഴ്ചയോടെ 20 ബെഡ് കൂടി പ്രവർത്തന സജ്ജമാക്കി. 200 ഐസിയു കിടക്കകൾ സജ്ജമാക്കുകയാണ് സംഘത്തിന്റെ ചുമതല. ‘20 കിടക്കയുള്ള ഐസിയു പ്രവർത്തിപ്പിക്കാൻ 45 നേഴ്സുമാർ ഉൾപ്പെടെ 70 ആരോഗ്യപ്രവർത്തകർ വേണം. ശുചീകരണ തൊഴിലാളികൾ വേറെയും. സംസ്ഥാനത്തുനിന്നുള്ള 20 പേർ ബുധനാഴ്ച എത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുംബൈക്ക് പിന്തുണയുമായി ആരോഗ്യ പ്രവർത്തകർ എത്തുന്നുണ്ട്. ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് സന്തോഷം,’ സന്തോഷ് കുമാർ പറഞ്ഞു.