കെഎസ്ആർടിസി അന്തർ ജില്ലാ സർവീസ് തുടങ്ങി ; മധ്യമേഖലയിൽ ആദ്യദിനം 840 സർവീസ്
കൊച്ചി :ലോക്ക്ഡൗൺ ഇളവ് നിലവിൽ വന്നതോടെ ബുധനാഴ്ച സമീപ ജില്ലകളിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. എറണാകുളം, ആലപ്പുഴ, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിൽ 840 സർവീസുകളാണ് നടത്തിയത്. രാവിലെ അഞ്ചിന് ആരംഭിച്ച സർവീസ് രാത്രി ഒമ്പതിന് തിരിച്ച് ഡിപ്പോകളിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരിച്ചത്.
മുപ്പത്തഞ്ച് ഡിപ്പോകളിലെ 610 ഓർഡിനറി ബസുകളും 230 ഫാസ്റ്റ് പാസഞ്ചർ–-ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറുകളും സർവീസ് നടത്തി. എറണാകുളം ജില്ലയിൽ 192 ഓർഡിനറിയും 42 ഫാസ്റ്റ് പാസഞ്ചർ–-ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറുകളുമടക്കം 234 ബസുകളാണ് ഓടിയത്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, -ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറുകൾ ഉൾപ്പെടെ ആലപ്പുഴയിൽ 191 ബസും കോട്ടയത്ത് 188 ബസും തൃശൂരിൽ 144 ബസുകളും ഇടുക്കിയിൽ 83 ബസും സർവീസ് നടത്തിയതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
എറണാകുളത്തുനിന്ന്- മൂന്നാർ, കുമളി, തൊടുപുഴ, -കട്ടപ്പന, കോട്ടയം, കായംകുളം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലേക്കും ആലപ്പുഴ–-ചെങ്ങന്നൂർ, തൃശൂർ–-പാലക്കാട്, കട്ടപ്പന–-എറണാകുളം, കുമളി–-കോതമംഗലം–-എറണാകുളം, കുമളി–-തൊടുപുഴ–-എറണാകുളം, കട്ടപ്പന–-കോട്ടയം, കോട്ടയം–-ആലപ്പുഴ, കോട്ടയം–-കുമളി റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചു.
എല്ലാ സീറ്റുകളും യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ നടത്തിയ സർവീസിൽ പഴയ ടിക്കറ്റ് നിരക്കാണ് ഈടാക്കിയത്. തിക്കിത്തിരക്കി ബസിൽ കയറുന്നത് അനുവദിച്ചിരുന്നില്ല. നിയന്ത്രിത മേഖലകളിൽ സ്റ്റോപ്പ് ഇല്ലാതെയായിരുന്നു സർവീസ്.