ഡിജിറ്റൽ വിദ്യാഭ്യാസത്തിനെതിരെ സിപിഎം: കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭത്തിനും തീരുമാനം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകണം. സാങ്കേതിക വിദ്യയുടെ പേരിൽ വിദ്യാർത്ഥികളിൽ വിഭജനം പാടില്ല
ന്യൂഡൽഹി : കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതിയെ ശക്തമായി എതിർത്ത് സിപിഎം പൊളിറ്റ് ബ്യുറോ. ലോക്ക്ഡൗൺ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പിന്തിരിപ്പൻ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഡിജിറ്റൽ പഠന രീതിക്ക് പാർലമെന്റിന്റെ അംഗീകാരമില്ല. രാജ്യത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണിതെന്നും പിബി വിലയിരുത്തി.
സാങ്കേതിക വിദ്യയുടെ പേരിൽ വിദ്യാർത്ഥികളിൽ വിഭജനം പാടില്ല. സാങ്കേതിക വിദ്യയ്ക്ക് പുറത്ത് നിൽക്കുന്നവരെ ഉൾക്കൊള്ളാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരമാകരുത് ഡിജിറ്റൽ വിദ്യാഭ്യാസമെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രസർക്കാരിന് മുന്നിൽ നാല് ആവശ്യങ്ങളും സിപിഎം വച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി ചേർന്ന പൊളിറ്റ് ബ്യുറോ യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ ദേശവ്യാപക പ്രതിഷേധത്തിനും തീരുമാനിച്ചു. ജൂൺ 16 നാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകണം. കേന്ദ്ര സർക്കാറിന്റെ കൊവിഡ് പ്രതിരോധ പാക്കേജ് അപര്യാപ്തമാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് 7500 രൂപ വീതം കേന്ദ്രസർക്കാർ ധനസഹായം നൽകണം. പത്ത് കിലോ ഭക്ഷ്യധാന്യം ഓരോ വ്യക്തിക്കും ആറ് മാസത്തേക്ക് നൽകണം. തൊഴിലില്ലായ്മ വേതനം നൽകണം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം ജോലി ഉറപ്പാക്കണം. തൊഴിൽ നിയമങ്ങൾ റദ്ദാക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണം. സ്വകാര്യ വത്കരണം അവസാനിപ്പിക്കണം. പൊതുസ്വത്ത് കൊള്ളയടിക്കുന്നത് നിർത്തണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ.
നിസർഗ ചുഴലിക്കാറ്റിൽ ദുരിതത്തിലായ മുംബൈയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പിബി, കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകം പ്രകീർത്തിച്ചെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ജന നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വേട്ടയാണ് ദുരിതകാലത്തും കേന്ദ്രം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.