ജമ്മു-കശ്മീരില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്ക്കരിക്കാനെത്തിയവര്ക്ക് നേരെ കല്ലേറ്; പാതിവെന്ത മൃതദേഹവുമായി ബന്ധുക്കള്‍ ആംബുലന്‍സില്‍ രക്ഷപ്പെട്ടു
ന്യൂദല്‍ഹി: ജമ്മു-കശ്മീരില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ അനുവദിക്കാതെ ജനക്കൂട്ടം. ജനക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പാതി സംസ്ക്കരിച്ച മൃതദേഹവുമായി ബന്ധുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് പോയി.
ദോഡ ജില്ലയിലെ 72 കാരന്റെ മൃതദേഹമാണ് സംസ്ക്കരിക്കാന്‍ അനുവദിക്കാതിരുന്നത്. ജമ്മു റീജിയണില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലമത്തെ ആളാണ് ഇദ്ദേഹം.
” റവന്യൂ ഉദ്യോഗസ്ഥരോടും മെഡിക്കല്‍ സംഘത്തോടും ഒപ്പമാണ് സംസ്ക്കരിക്കാനുള്ള ഏര്‍പ്പാട് ചെയ്തത്. ദൊമാനയിലെ ശ്മശാനത്തില്‍ ചിതയൊരുക്കുകയും ചെയ്തു.
എന്നാല്‍ സംഘടിച്ചെത്തിയ വലിയൊരു ജനക്കൂട്ടം അന്ത്യകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തി,” മരിച്ചയാളുടെ മകന് പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിയത്. ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ആംബുലന്‍സില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനും മൃതദേഹം സംസ്ക്കരിക്കാനും സര്‍ക്കാറിനോട് അനുമതി വാങ്ങിയിരുന്നെന്നും എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നറിയിച്ചതിനെ തുടര്‍ന്നാണ് ശ്മശാനത്തിലേക്ക് പോയതെന്നും എന്നാല്‍ കാര്യങ്ങള്‍ മറിച്ചായിരുന്നെന്നും മകന് കൂട്ടിച്ചേര്‍ത്തു.