ദേവികയുടെ മരണം: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വീഴ്ച്ചയില്ലെന്ന് ഡിഡിഇ റിപ്പോർട്ട്
ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്നും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാർഥിനിയായ ദേവികയെ തീകൊളുത്തി മരിച്ച നിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ കഴിയാഞ്ഞതും സ്മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവർക്ക് വേണ്ട ഓൺലൈൻ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോൺഗ്രസ് നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.