തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരത്ത് ഒരു പള്ളിവികാരിയാണ് മരിച്ചത്. നാലഞ്ചിറ സ്വദേശിയായ ഫാദർ വർഗീസാണ് (77) ഇന്ന് രാവിലെ മരിച്ചത്. ഏപ്രിൽ 20ന് സംഭവിച്ച ഒരു ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഫാദറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടയിൽ ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനാൽ ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.തലയിലെ പരുക്ക് ഭേദമായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഫാദറിനെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ കണ്ണിനും പരുക്കേറ്റിരുന്നതിനാൽ ഇതിനിടയിൽ തന്നെ മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വിഭാഗത്തിലും ഫാദർ ചികിത്സ തേടിയിരുന്നു. രണ്ടു ദിവസം മുമ്പ് ന്യുമോണിയ ലക്ഷണം പ്രകടമായതോടെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലേക്ക് മാറ്റുകയും, സ്രവ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12ന് സ്രവ പരിശോധനാഫലം ലഭിച്ചപ്പോഴാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 11ആയി.അതേസമയം, ഫാദർ വർഗീസിന് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല . ശസ്ത്രക്രിയയിലൂടെ രോഗം ബാധിച്ചതാണോ അതിനുശേഷമാണോ വൈറസ് ബാധയുണ്ടായതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.