കൊല്‍ക്കത്ത : ബംഗ്ളാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പിലെ കൊടും ഭീകരന് പിടിയില്‍. അബ്ദുള്‍ കരീം എലിയാസ് ബോറോ കരീമിനെയാണ് കൊല്‍ക്കത്ത സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ്, മുര്‍ഷിദാബാദിലെ സൂതിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ജമാത്ത്-ഉല്-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ മൂന്നാമനാണിയാള് എന്നാണ് സൂചന. ഏറെ നാളായി പോലീസ് തിരയുന്ന ഇയാള്‍ കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കരീം കൊറോണ വ്യാപനത്തെ തുടര്‍ന്ന് മറ്റ് കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ബംഗാളിലെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. കുറെ നാളുകളായി ഇയാളുടെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ലോക്ക് ഡൗണില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളോടൊപ്പമാണ് ഇയാള്‍ കേരളത്തില്‍ നിന്നും ബംഗാളിലേയ്ക്ക് തിരിച്ചെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഷംസര്ഗുഞ്ജിലെ ചാന്ദ്നിഡ സ്വദേശിയായ കരീം ഇന്ത്യയിലും ബംഗ്ളാദേശിലുമായി നിരവധി കേസുകളില്‍ പ്രതിയാണ്. ഐസിസുമായി അടുത്ത് ബന്ധമുള്ള ണവിഭാഗത്തിന്റെ ഭാഗമായ ഇയാള്‍ 2017 മുതല്‍ ഒളിവിലാണ്.2013ലെ ബോധ ഗയ സ്ഫോടനത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തേക്കും. കരീംമിന്റേത് ഒരു നിഗൂഡമായ വ്യക്തിത്വമാണെന്നും കൂടുതല്‍ വരുമാനം നേടുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ ജോലി നോക്കിയ ശേഷം ആറ് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് നാട്ടിലെത്തിയിരുന്നതെന്നും ഇയാളുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു. ഡ്രെെവറായാണ് ജോലി നോക്കിയിരുന്നതെന്നാണ് ഇയാള്‍ വീട്ടില്‍ അറിയിച്ചിരുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് കരീം മറ്റ് തൊഴിലാളികള്‍ക്കൊപ്പം കേരളത്തില്‍ നിന്നും മടങ്ങിയെത്തിയ വിവരം തങ്ങളറിഞ്ഞതെന്നും ഇയാളുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ സമയത്ത് കരീം കര്‍ണാടകയില്‍ ചില കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ഒളിച്ചിരിക്കുകയാണെന്നും അടുത്തിടെ ബംഗാളില്‍ മടങ്ങിയെത്തിയതായും പ്രാദേശിക പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കാശിംനഗറില് നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജൂണ്‍ 12 വരെ പോലീസ് കസ്റ്റഡിയിലേക്കയച്ചു. ഇന്ത്യയിലെ കുപ്രസിദ്ധരായ മൂന്ന് ജെഎംബി തീവ്രവാദികളില്‍ ഒരാളാണിയാളെന്ന് ഡി.സി.പി അപരാജിത റായ് പറഞ്ഞു.
മുര്‍ഷിദാബാദിലെ ജെഎംബിയുടെ ധൂലിയന്‍ മൊഡ്യൂളിന്റെ പ്രധാന നേതാവായിരുന്നു കരീം. ബംഗ്ലാദേശില്‍ അറസ്റ്റിലായ തീവ്രവാദികളാണ് ഇയാളെ പ്രധാന ഓപ്പറേറ്റര്‍ എന്ന് പരാമര്‍ശിച്ചത്. ഖഗ്രഗഡ് സ്ഫോടനവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയില്‍ സംഘം ആസൂത്രണം ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇയാള്‍ മനസ്സിലാക്കിയിരുന്നു.
2018ല്‍ കരീമിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അന്നയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ വീട്ടില്‍ നിന്ന് ഗണ്യമായ അളവില്‍ സ്ഫോടകവസ്തുക്കളും ജിഹാദി വസ്തുക്കളും പിടിച്ചെടുത്തിരുന്നുവെന്നും ഡി.സി.പി അറിയിച്ചു.
കങ്കുരിയ ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയില്‍ കരീം ട്രാക്ടര്‍ ഓടിച്ചിരുന്നതായും മൂന്ന് വര്‍ഷം മുമ്ബ് കുടുംബവുമായുള്ള എല്ലാ കത്തിടപാടുകളും നിര്‍ത്തിയിരുന്നതായും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. മൊഡ്യൂളുമായുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും, ട്രാക്ടറുകള്‍ ഓടിച്ചതായി മാത്രമാണ് അറിയുന്നതെന്നും ഭാര്യ പാര്‍വിന്‍ ബീബി പറഞ്ഞു.