ഗ്രനേഡ്, കണ്ണീര് വാതകം, കുരുമുളക് സ്പ്രേ; നിരീക്ഷണത്തിന് ഹെലികോപ്റ്റര്‍, പ്രക്ഷോഭം അടിച്ചമര്‍ത്തി അമേരിക്ക
ഫിലാഡല്‍ഫിയയിലും ഓക്ലന്‍ഡിലും വാഷിംഗ്ടണ്‍ ഡിസിയിലും പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
വാഷിംഗ്ടണ്‍: ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തി പൊലീസ്. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ ഗ്രനേഡും കണ്ണീര് വാതകവും കുരുമുളക് സ്പ്രേയും പൊലീസ് ഉപയോഗിക്കുകയാണ്.
ഫിലാഡല്‍ഫിയയിലും ഓക്ലന്‍ഡിലും വാഷിംഗ്ടണ്‍ ഡിസിയിലും പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ജനക്കൂട്ടം തടയാന്‍ സൈനിക ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് നടപടിയില്‍ ഓസ്റ്റനില്‍ ഒരു കറുത്ത വര്ഗ്ഗക്കാരന് പരിക്കുപറ്റി.
ജോർജ് ഫ്ലോയിഡ് വധത്തില്‍ പ്രതിഷേധം അമേരിക്കയിൽ കനക്കവേ പ്രതിഷേധക്കാരെ എന്തുവിലകൊടുത്തും നേരിടാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. വാഷിംഗ്ടണ്‍ ഗരത്തിൽ 250 ലേറെ സുരക്ഷാ സൈനികരെ വിന്യസിച്ചു.
പ്രതിഷേധക്കാരെ തുരത്താനും, ആവശ്യമെങ്കിൽ കസ്റ്റഡിയിൽ എടുക്കാനും നിർദേശം നൽകിയിട്ടുമ്ട്. വാഷിംഗ്ടണ്ണിന് പുറമെ, 15 ല്‍ അധികം നഗരങ്ങളുടെ ചുമതല സുരക്ഷ സേന ഏറ്റെടുത്തു.
40 അമേരിക്കൻ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ അതീവ സുരക്ഷ മുന്നറിയിപ്പ് നിലനിൽക്കുന്നു. 2001 സെപ്റ്റംബറിലെ വേൾഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇത്രവലിയ സുരക്ഷാ മുന്നറിയിപ്പ്. പല നഗരങ്ങളിലും തീവയ്പ്പും മോഷണവും തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.