കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂർ സ്വദേശി സുലൈഖയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് കണ്ണംപ്പറമ്പിലായിരുന്നു ഖബറടക്കം. മൃതദേഹം മാവൂരിൽ ഖബറടക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം സംസ്കാരം നടത്താനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കണ്ണംപ്പറമ്പിൽ ഖബറടക്കം നടത്തുകയായിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഞ്ച് പേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഇന്നലെ രാത്രി 7.30 ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂർ സ്വദേശിയായ സുലേഖ മരിച്ചത്. റിയാദിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇരുവരും ആശുപത്രിയിൽ പ്രത്യേകം ചികിത്സയിലായിരുന്നു.