കുവൈറ്റ്: വിസിറ്റിംഗ് വിസയിൽ കുവൈറ്റിലെത്തിയവർക്ക് ആഗസ്റ്റ് 31 വരെ വിസ കാലാവധി നീട്ടി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിട്ടു. കൊവിഡ് മൂലം വിമാന സർവീസുകൾ പലരാജ്യങ്ങളും ആരംഭിക്കാത്തത് കണക്കിലെടുത്താണിത്. വാണിജ്യ, ടൂറിസം, കുടുംബ സന്ദർശന വിസകളിലെത്തിയവരുടെ വിസ കാലാവധിയാണ് നീട്ടിയത്.അവധിക്ക് നാട്ടിൽ പോയവർ ഒരു വർഷത്തിനുള്ളിൽ തിരിച്ചെത്തിയാൽ മതിയെന്ന ഉത്തരവുമിറക്കി. നേരത്തെ ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ വിസ റദ്ദാക്കുമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പലരാജ്യങ്ങളിൽപ്പെട്ടവർക്കും തിരിച്ചുവരാനാവാത്തതിനാലാണ് ഇതിൻെറ കാലാവധിയും നീട്ടിയത്.മലയാളികളടക്കം നൂറുക്കണക്കിന് ഇന്ത്യക്കാർക്ക് പുതിയ തീരുമാനം ആശ്വാസമാകും. കർഫ്യൂ മൂലം താമസ വിസ പുതുക്കാൻ സാധിക്കാത്ത വിദേശികൾക്ക് പിഴയിൽ ഇളവുകളും വരുത്തിയിട്ടുണ്ട്.