ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങൾക്കിടയിലും ചൈനാ വിരുദ്ധ വികാരം ശക്തി പ്രാപിക്കുകയാണ്. സോഷ്യൽ മീഡിയയിലും മറ്റുമായി ചൈനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ചൈനയിൽ നിന്നുമുള്ള ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന ആവശ്യമാണ് ഇവരിൽ ഭൂരിഭാഗം പേരും ഉയർത്തുന്നത്.ഇതോടൊപ്പം തന്നെ ക്സെന്റർ, ടിക്ക്ടോക്ക്, ഹെലോ തുടങ്ങി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകൾ ഫോണുകളിൽ നിന്നും നീക്കം ചെയ്യണമെന്നും ഇവർ പറയുന്നുണ്ട്. ഈ ആവശ്യമുയരുന്നതിനിടെയാണ് ആശ്വാസമായി ജയ്പുരിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി രംഗത്തെത്തുന്നത്.’വൺ ടച്ച് ആപ് ലാബ്സ്’ എന്നു പേരുള്ള ഈ കമ്പനി പുറത്തിറക്കിയ ‘റിമൂവ് ചൈന ആപ്സ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വെറും രണ്ടാഴ്ച കൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് ഡൗൺലോഡ് ചെയ്തത്.ഈ ആപ്പ് ഉപയോഗിച്ച് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന, ചൈനയിൽ നിന്നുമുള്ള ആപ്പുകൾ കണ്ടെത്താനും അവ നീക്കം ചെയ്യാനും കഴിയും. മെയ് പകുതിയോടെ ഗൂഗിൾ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയ ‘റിമൂവ് ചൈനീസ് ആപ്പ്സ്’ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.