ചങ്ങനാശേരി : മദ്യത്തിന് അടിമയായ മകന് അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .ശനിയാഴ്ച രാത്രി 11 ഓടെയാണ് തൃക്കൊടിത്താനം അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ മകന് നിതിന്‍ ബാബുവിനെ (27) ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
ശനിയാഴ്ച രാത്രി മദ്യവും പൊറോട്ടയുമായി വന്നു. അത് ഇഷ്ടപ്പെടാതെ കുഞ്ഞന്നാമ്മ പൊറോട്ടയെടുത്തെറിഞ്ഞുവെന്നാണ് നിതിന്റെ മൊഴി.ഇതിനിടയില്‍ ചുറ്റിക കൊണ്ട് കുഞ്ഞന്നാമ്മ തന്നെ മര്‍ദ്ദിച്ചശേഷം കറിക്കത്തികൊണ്ട് വെട്ടി. വേദന സഹിക്കാനാവാതെ കത്തി പിടിച്ചുവാങ്ങി താന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നുറപ്പാക്കിയ ശേഷം അമ്മയുടെ സഹോദരനെ വിളിച്ചറിയിച്ചു. വീടിന്റെ ഗ്രില്ല് കുഞ്ഞന്നാമ്മ നേരത്തെ പൂട്ടി താക്കോല്‍ ഒളിപ്പിച്ചിരുന്നതിനാല്‍ നിതിന്‍ പുറത്തു കടക്കാനായില്ല. ബന്ധുവാണ് പൊലീസില്‍ വിവരം അറിയിച്ചത്.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന നിതിന്‍ മൂന്ന് മാസം മുമ്ബാണ് നാട്ടിലെത്തിയത്. ഈ സമയത്ത് കുഞ്ഞന്നാമ്മയും നിതിനും തമ്മില്‍ പണമിടപാടുമായി ബന്ധപ്പെട്ട് കലഹിച്ചിരുന്നു. 65 സെന്റ് വരുന്ന സ്ഥലത്തെ വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. കുഞ്ഞന്നാമ്മ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു.
മറ്റൊരു മകന് വിദേശത്താണ്.ബന്ധുക്കളോടും അയല്‍ക്കാരോടും അകലം പാലിച്ചിരുന്ന ഇവര്‍ പകല്‍പോലും വീട്ടില്‍ കയറിയാല്‍ വാതിലുകളും അതില്‍ പിടിപ്പിച്ചിട്ടുള്ള ഗ്രില്ലും താഴിട്ടു പൂട്ടിയിടുകയാണ് പതിവ്. സംഭവദിവസവും കുഞ്ഞന്നാമ്മ ഇതു പൂട്ടിയിരുന്നു. കുഞ്ഞന്നാമ്മയുടെ സംസ്കാരം നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.