കൂറ്റനാട്: അച്ഛനും അമ്മയും ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ചാലിശേരി മുക്കില പീടിക റോയല്‍ ഡെന്റല്‍ കോളേജിന് സമീപം മണ്ണാര പറമ്ബില്‍ മങ്ങാട്ടുവീട്ടില്‍ മുഹമ്മദ് സാദിഖ്- ലിയാന ദമ്ബതികളുടെ മകന് മുഹമ്മദ് നിസാനാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വീടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫലം വന്ന ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തൂ. സാദിഖിനൊപ്പം ഇന്‍ഡോറില്‍ നിന്നുവന്ന ഇളയച്ഛന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കുടുംബാംഗങ്ങള്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ചാലിശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.