മനാമ : രണ്ടര മാസത്തെ ഇടവേളകള്‍ക്കു ശേഷം സൗദിയില്‍ വീണ്ടും പള്ളികള്‍ തുറന്നു. സൗദിയിലെ 90,000 ത്തോളം പള്ളികളാണ് സുബഹി (പ്രഭാത) നമസ്കാരത്തോടെ തുറന്നത്. മദീനയിലെ പ്രവാചക പള്ളി (മസ്ജിദുനബവി)യും തുറന്നിട്ടുണ്ട്. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറം പ്രാര്‍ഥനക്കായി തുറന്നിട്ടില്ല. സൗദിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ രണ്ടാംഘട്ടത്തിലാണ് കള്‍ശന മുന്കരുതലോടെപള്ളികള് തുറന്നത്.
മാസ്ക് ധരിക്കുക, പരസ്പരം ആലിഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കുക, പള്ളിയിലേക്ക് വരുംമുന്പ് അംഗ ശുദ്ധി വരുത്തുക, നമസ്കാരത്തിന് സ്വന്തമായി പടങ്ങള്‍ കൊണ്ടുവരിക, നമസ്കാരിക്കുന്നവര്ക്കിടയില് രണ്ട് മീറ്റര്‍ അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം നിര്‍ദേശിച്ചു. മുന്‍കരുതലുകളെ കുറിച്ച വിവിധ ഭാഷകളില്‍ ജനങ്ങള്‍ക്ക് അറയിപ്പ് നല്കി. വിട്ടുമാറാത്ത രോഗമുള്ളവര്‍, പ്രായമായവര്‍, 15ന് താഴെ പ്രായക്കാര്‍ എന്നിവര്‍ക്ക് പ്രവേശനമില്ല.
കൊറോണവൈറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് 18 മുതലാണ് സൗദിയില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടത്. തുടര്‍ന്ന് പള്ളികളിലെ ചുവരുകള്‍, കാര്പെറ്റുകള്, അലമാരകള്‍, പുസ്തകങ്ങള്‍, ശുചീകരണ മുറികള്‍ തുടങ്ങിയവ നിരന്തരം അണുവിമുക്തമാക്കി. മുസ്ലീംങ്ങളുടെ മറ്റൊരു പ്രധാന പള്ളിയായ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയും ഞായറാഴ്ച പ്രാര്‍ത്ഥനക്കായി തുറന്നു. ബഹ്റൈനില്‍ ജൂണ്‍ അഞ്ച് മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ) ക്കായി പള്ളികള്‍ തുറക്കും. നമസ്കാരത്തിന് മുന്‍പും ശേഷവും പള്ളികള്‍ അണുവിമുക്തമാക്കും. സൗദിയില്‍ ഇതുവരെ 85,261 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 503 ആയി. ഞായറാഴ്ച മാത്രം 23 പേര് മരിച്ചു. സൗദിയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കോവിഡ് ബാധിത മരണ നിരക്കാണിത്. 1,877 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളില്‍ 73.23ശതമാനം- 62,442 പേര്- രോഗമുക്തി നേടി.