കാസർകോട്: ഓൺലൈൻ ആപ്പ് മുഖാന്തിരം ആരംഭിച്ച മദ്യവിൽപ്പനയുടെ രണ്ടാംദിവസം വൻ ഇടിവ്. ബിവറേജസ് ഔട്ട് ലറ്റുകളിൽ നിന്നും ബാറുകൾ വഴിയും മദ്യം വില്പന നടത്തിയിട്ടും രണ്ടാമത്തെ ദിവസം കാസർകോട് ജില്ലയിൽ 32 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച കാസർകോട് ജില്ലയിൽ 6705 ലിറ്റർ വിദേശ മദ്യമാണ് വിറ്റത്.3308 ലിറ്റർ ബീയറും 37 ലിറ്റർ വൈനും ടോക്കൺ വഴി വിതരണം ചെയ്തു. അകെ 6,672430 രൂപയുടെ മദ്യമാണ് വില്പന നടത്തിയത്. ഇതിൽ കൂടുതൽ മദ്യം വിറ്റത് ഹൊസ്ദുർഗ് എക്സൈസ് സർക്കിളിൽ നിന്നാണ്. 44 ലക്ഷം രൂപയുടേത്. ഇതിന്റെ പകുതി മദ്യം മാത്രമാണ് അതായത് 22.75 ലക്ഷം രൂപയുടേത് മാത്രമാണ് കാസർകോട് എക്സൈസ് സർക്കിളിൽ നിന്ന് വില്പന നടത്തിയത്. ഫ്രൂട്ടി മാതൃകയിൽ മുതൽ ലിറ്റർ വരെയുള്ള വിവിധ തരം കർണ്ണാടക മദ്യം ടോക്കൺ ഇല്ലാതെ വിറ്റഴിക്കുമ്പോൾ കാസർകോട് എക്സൈസ് പരിധിയിൽ കച്ചവടം ഇടിഞ്ഞതിൽ അത്ഭുതമില്ല ,.മദ്യവില്പന ആരംഭിച്ച ആദ്യദിവസം കാസർകോട് ജില്ലയിൽ വിറ്റഴിച്ചത് 99 ലക്ഷം രൂപയുടെ മദ്യമാണ്. അതിലാണ് 30 ശതമാനത്തിന്റെ കുറവ് സംഭവിച്ചത്. 11,983 ലിറ്റർ മദ്യം ആദ്യദിവസം കാസർകോട് ജില്ലയിൽ മാത്രം വിറ്റിരുന്നു. ടോക്കൺ ബുക്കിങ്ങിനോട് സാധാരണക്കാരായ മദ്യപന്മാർ കാര്യമായി പ്രതികരിക്കുന്നില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. കർണ്ണാടകയിൽ നിന്നും വൻതോതിൽ വിദേശ മദ്യം കാസർകോട് ഭാഗത്തേക്ക് ഒഴുകുന്നതും ലോക്ക് ഡൗണിന്റെ മറവിൽ നാടൻ ചാരായ വാറ്റ് വ്യാപകമായി നടക്കുന്നതുമാണ് മദ്യവില്പനയുടെ തോത് കുറയുന്നതിന് കാരണമെന്ന് പറയുന്നു. യു ട്യൂബിലെ മാതൃക നോക്കി ആധുനിക സജ്ജീകരണങ്ങളോടെ കൃത്രിമമില്ലാതെ ഉദ്പാദിപ്പിക്കുന്ന നാടൻ ചാരായത്തോട് കുടിയന്മാർക്ക് പ്രതിപത്തി കൂടിയതും വിദേശ മദ്യത്തോട് വിരക്തി തോന്നാൻ കാരണമായിട്ടുണ്ട്. മാത്രമല്ല
സർക്കാർ മദ്യത്തിന്റെ വിലയുടെ 10 ശതമാനം മാത്രമേ ഇതിന്ന് ചിലവ് വരുന്നുള്ളു , ഇങ്ങനെ വീടുകളിലും അയൽവക്കത്തും നാടൻ ഉണ്ടാക്കി അടിച്ചവർ വിദേശ മദ്യത്തിന് ടോക്കൺ ബുക്ക് ചെയ്യാൻ തയ്യാറായിട്ടില്ല. ‘അധികം കിക്കുമില്ല ശരീരത്തിന് അസുഖവും വരില്ല പിന്നെന്തിന് വിദേശൻ തേടിപ്പോകണം. ഞങ്ങൾക്ക് താല്പര്യമില്ല ..’ എന്നാണ് സ്ഥിരമായി മദ്യം കഴിക്കുന്നവർ പറയുന്നത്. ലോക്ക് ഡൗണിൽ ഇവർ സേവിച്ചത് പഴച്ചാറും മുന്തിരിയും പൈനാപ്പിളും നല്ല വെല്ലവും ചേർത്ത് വാറ്റിയെടുത്ത ശുദ്ധമായ നാടനെയായിരുന്നു.