ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര് ഇതുവരെ മരിച്ചതായി ആര്‍പിഎഫ്
യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും തൊഴിലാളികളുടെ മരണത്തിന് കാരണമായതായി റെയില്‍വെ സൂചന നല്‍കിയിരുന്നു. മരിച്ചവരില്‍ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരുമാണെന്നും അത്തരത്തിലുള്ളവര്‍ യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും റെയില്‍വെ നിര്‍ദേശം നല്‍കിയിരുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര് മരിച്ചതായി റെയില്‍വെ സുരക്ഷാസേന. മെയ് 9 മുതല്‍ 29 വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മെയ് ഒന്ന് മുതല്‍ മെയ് 27 വരെ 3,840 ട്രെയിനുകള്‍ വഴി അഞ്ച് ദശലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് പ്രത്യേക ട്രെയിനുകള്‍ക്ക് സാധിച്ചു. എന്നാല്‍ യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും തൊഴിലാളികളുടെ മരണത്തിന് കാരണമായതായി റെയില്‍വെ സൂചന നല്‍കിയിരുന്നു. മരിച്ചവരില്‍ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരുമാണെന്നും അത്തരത്തിലുള്ളവര്‍ യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും റെയില്‍വെ നിര്‍ദേശം നല്‍കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും ഉടനെ പ്രസിദ്ധീകരിക്കുമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. ആരുടെ മരണവും നികത്താനാവാത്ത നഷ്ടമാണെന്നും യാത്രക്കിടെ ആര്‍ക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയില്‍വെ തുടരുന്നുണ്ടെന്നും റെയില്‍വെ ബോര്‍ഡ് ചെയര്മാന് വി കെ യാദവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഭക്ഷണം ലഭിക്കാത്തതിനാല്‍ ചില തൊഴിലാളികള്‍ മരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചവരുടെ കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും യാദവ് അറിയിച്ചു. മെയ് ഒന്ന് മുതല്‍ എട്ട് വരെയുള്ള വിവരം ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വെ സോണില്‍ 18,നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19, ഈസ്റ്റ് കോസ്റ്റ് റെയില്‍വെ സോണില്‍ 13 തുടങ്ങി മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ്. മരിച്ചവരില്‍ ഹൃദയവാല്‍വ് മാറ്റി വെച്ചയാളും അമിത രക്തസമ്മര്‍ദമുള്ളവരും ഉള്‍പ്പെടുന്നു. ഗുരുതര രോഗമുള്ളവര്‍ ശ്രമിക് ട്രെയിനുകളിലെ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി പത്ത് വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും യാത്ര ഒഴിവാക്കണമെന്നും ഗോയല്‍ പറഞ്ഞു.