വിദേശത്തുനിന്ന് വന്നയാളെ വീട്ടിലേക്ക് വിടണം ചെക്ക്പോസ്റ്റിൽ അർധരാത്രി ലീഗ് നേതാവിന്റെ ബഹളം
തൃക്കരിപ്പൂർ :വിദേശത്ത് നിന്നും എത്തിയവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യണമെന്നാവശ്യപ്പെട്ട് കാലിക്കടവ് ചെക്ക് പോസ്റ്റിൽ അർദ്ധരാത്രിയും ബഹളം. കണ്ണൂർ വിമാനത്താവളം വഴി വിദേശത്ത് നിന്നും എത്തിയ പടന്ന സ്വദേശിയും കുടുബവുമാണ് സ്വന്തം വീട്ടിൽ ക്വാറന്റൈൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തർക്കിച്ചത്. വിമാനത്താവളത്തിലെ സ്ക്രീനിങിന് ശേഷം ഗർഭിണികളെയും ശാരീരിക പ്രയാസമനുഭവപ്പെടുന്നവരേയും വീടുകളിൽ എത്തിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ പെടാത്തവരെ കെഎസ്ആർടിസി ബസിൽ കൊണ്ടുപോയി പെയ്ഡ് ക്വാറന്റൈനിലോ സർക്കാർ കേന്ദ്രത്തിലോ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് നിർദ്ദേശം. എന്നാൽ വിമാനത്താവളത്തിൽ നിന്ന് ബസിൽ കയറുന്നതിനെ ചൊല്ലിയും ഇവർ തർക്കിച്ചു. ടാക്സി കാർ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ഇവർ കാലിക്കടവിൽ എത്തിയപ്പോൾ രാത്രി ഒരു മണിയോടെ പഞ്ചായത്ത് മെമ്പർ കൂടിയായ ഒരു മുസ്ലിംലീഗ് നേതാവും വീട്ടിലേക്ക് അയക്കണമെന്ന ആവശ്യവുമായെത്തി ബഹളംവച്ചു.
അസുഖ ബാധിതനാണന്നായിരുന്നു ലീഗ് നേതാവിന്റെ വാദം. വിമാനത്താവളത്തിലെ പരിശോധനയിൽ അസുഖമൊന്നും കാണാത്തതിനാലാണ് ഇയാളെ ബസിൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അയച്ചത്. ഈ തർക്കം കാരണം 52 യാത്രക്കാരുമായി എത്തിയ മൂന്ന് ബസുകൾ രണ്ട് മണിക്കൂർ കാലിക്കടവിൽ പിടിച്ചിടേണ്ടിവന്നു. പടന്ന പഞ്ചായത്തിൽ 260 പേർ സർക്കാർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. പൂട്ടിയിട്ട വീടുകളിലും സ്കൂളിലുമാണ് സൗകര്യം ഒരുക്കിയത്. ഇൻസ്റ്റ്യൂഷൻ ക്വാറന്റൈൻ ആവശ്യമുള്ളവർക്ക് താമസിക്കാൻ പഞ്ചായത്ത് മുൻകൂട്ടി കേന്ദ്രം തയ്യാറാക്കാത്തതിനാൽ പെയ്ഡ് ക്വാറന്റൈൻ അല്ലാത്തവരെ മറ്റു പഞ്ചായത്തുകളിലാണ് താമസിപ്പിക്കുന്നത്. ഇത് വിവാദമായതോടെയാണ് മെമ്പർ കാലിക്കടവിലെത്തി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. വെള്ളിയാഴ്ച പകലും സർക്കാർ സംവിധാനം തകർക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിച്ചിരുന്നു.