കണ്ണൂരിലെ ബാറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ. സാമൂഹിക അകലം പാലിക്കാതെ ഇരുനൂറിലധികം ആളുകളാണ് ക്യൂ നില്‍ക്കുന്നത്. സമയക്രമം പാലിക്കുന്നില്ലെന്നും ഇന്നലെ ടോക്കണ്‍ കിട്ടിയവര്‍ക്കും ഇന്ന് മദ്യം നല്‍കുന്നതായി പരാതി.
കണ്ണൂര്‍: മൂന്നാം ദിവസവും കണ്ണൂരിലെ ബാറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ. സാമൂഹിക അകലം പാലിക്കാതെ ഇരുനൂറിലധികം ആളുകളാണ് ക്യൂ നില്‍ക്കുന്നത്. സമയക്രമം പാലിക്കുന്നില്ലെന്നും ഇന്നലെ ടോക്കണ്‍ കിട്ടിയവര്‍ക്കും ഇന്ന് മദ്യം നല്‍കുന്നതായി പരാതി. കണ്ണൂർ ബക്കളത്തെ സ്നേഹ ഇൻ ബാർഹോട്ടലിൽ ബെവ്ക്യു ടോക്കൺ ഇല്ലാതെ വന്ന ആളുകൾക്ക് ഇന്നലെ മദ്യവിൽപ്പന നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് അൻപതിലേറെ ആളുകൾ റോഡിൽ വരി നിന്ന് മദ്യംവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം സംസ്ഥാന ശരാശരിയുടെ ഇരട്ടിപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂരിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ തീവ്രബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പിലാക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങൾക്ക് ജാഗ്രതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ധർമ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേർക്കും അവർ വഴി രണ്ടുപേർക്കും കൊവിഡ് ബാധിച്ചത് സർക്കാർ ഗൗരവായാണ് കാണുന്നത്. തലശ്ശേരി മാർക്കറ്റിൽ മീൻ വിൽപ്പനക്കാരനായ കുടുംബാംഗത്തിൽ നിന്നായിരുന്നു ഇവർക്കെല്ലാം കൊവിഡ് ബാധിച്ചത്. മാർക്കറ്റിലേക്ക് മീനുമായി ചെന്നൈയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവറിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. മാർക്കറ്റ് പൂർണമായും അടച്ചു.
കണ്ണൂരിൽ ചികിത്സയിലുള്ള 93 കൊവിഡ് രോഗികളിൽ 25ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 25 തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിലവിൽ കൊവിഡ് ഹോട്ട്സ്പോട്ടുകളാണ്. വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികൾ ഉണ്ടായാൽ ജില്ലയിൽ നിരോധനാഞ്ജ പ്രഖ്യാപിക്കും. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.