കോഴിക്കോട്: എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം അല്പസമയത്തിനകം കോഴിക്കോട്ടെ വീട്ടില്‍ എത്തിക്കും. സംസ്കാരം കല്പറ്റയില് നടക്കും.
രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ അദ്ദേഹം രണ്ടുതവണ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. ധനം,തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നിട്ടുണ്ട്. 1987ല്‍ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവച്ചു.
ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദള്‍ (യുണൈറ്റഡ്) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമാണ്. എല്‍ഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കണ്‍വീനറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
മദിരാശി നിയമസഭാംഗവും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന എം കെ പദ്മപ്രഭാ ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി 1936ലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടി.