ലഡാക്കിനടുത്ത് എയർബേസ് വിപുലമാക്കി ചൈന, എന്തിനും തയ്യാറാകാൻ സൈന്യത്തോട് ഷി ജിൻപിങ്
ഇംഗ്ലീഷ് മാധ്യമമായ എൻഡിടിവിയാണ് ലഡാക്കിനടുത്തുള്ള ഇന്ത്യ – ചൈന അതിർത്തിയിൽ ചൈന എയർബേസ് വിപുലപ്പെടുത്തുന്നതായി ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ഷി ജിൻപിങിന്റെ പ്രസ്താവന കൂടി കണക്കിലെടുത്താൽ ആശങ്കപ്പെടേണ്ടതുണ്ട്, ഇന്ത്യക്ക്.
ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തിയായ ലഡാക്കിലെ പൻഗോങ് തടാകത്തിന് വെറും 200 കിലോമീറ്റർ അകലെയുള്ള വ്യോമസേനാത്താവളത്തിൽ വിമാനങ്ങൾ വന്നിറങ്ങാനുള്ള എയർബേസും റൺവേയും വിപുലപ്പെടുത്തുകയാണ് ചൈന. ചൈനയിലെ ഏറ്റവുമുയരം കൂടിയ എയർ ബേസുകളിലൊന്നിൽ നിർമാണപ്രവർത്തനങ്ങൾ തകൃതിയാണ്. അതിർത്തിയിൽ ഇന്ത്യ – ചൈന സൈന്യങ്ങൾ തമ്മിൽ മുഖാമുഖം വന്ന അതീവസങ്കീർണ്ണമായ സ്ഥിതിയിലാണ്, ചൈന ഇന്ത്യൻ അതിർത്തിയ്ക്ക് തൊട്ടടുത്ത് വ്യോമത്താവളം വിപുലപ്പെടുത്തി യുദ്ധവിമാനങ്ങൾ നിരത്താനൊരുങ്ങുന്നത് എന്ന് ഇംഗ്ലീഷ് മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്തിനും തയ്യാറാകാൻ സൈന്യത്തോട് ഷി ജിൻപിങ് ആഹ്വാനം ചെയ്തത് കൂടി കണക്കിലെടുത്ത് കൂട്ടിവായിച്ചാൽ ആശങ്കപ്പെടേണ്ട സാഹചര്യം തന്നെയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
detresfa_ എന്ന പ്രതിരോധവിദഗ്ധന്റെ വെബ്സൈറ്റ് വഴിയാണ് ഈ നിർമാണപ്രവർത്തനങ്ങളുടെ വിവരങ്ങൾ പുറത്താകുന്നത്. ShadowBreak Intl. എന്ന കൂട്ടായ്മയിലെ പ്രതിരോധവിശകലനവിദഗ്ധനാണ് അജ്ഞാതനാമത്തിൽ പ്രതിരോധവിവരങ്ങൾ ഓപ്പൺ സോഴ്സായി പുറത്തുവിടുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ- ചൈന അതിർത്തിയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ ഈ ട്വിറ്റർ ഹാൻഡിൽ വിലയിരുത്തുന്നത്.
ഏപ്രിൽ 6, 2020-ന് എടുത്ത ചിത്രമാണ് താഴെ കാണുന്നത്. അതിന് തൊട്ടടുത്തുള്ളത് മെയ് 21-ന് എടുത്ത ചിത്രവും. ഏതാണ്ട് ഒരു മാസത്തെ വ്യത്യാസത്തിൽ, ടിബറ്റിലെ ങ്ഗാരി ഗുൻസ വിമാനത്താവളത്തിന്റെ രേഖാചിത്രത്തിൽ വന്ന മാറ്റങ്ങൾ വലുതാണ്. വലിയ നിർമാണപ്രവർത്തനങ്ങളാണ് ഈ വിമാനത്താവളത്തിൽ നടക്കുന്നത്. ഹെലികോപ്റ്ററുകളെയും യുദ്ധവിമാനങ്ങളെയും അണിനിരത്താൻ കഴിവുള്ള ഒരു രണ്ടാം ട്രാക്ക് ഈ ചെറുവിമാനത്താവളത്തിൽ ചൈന പണി കഴിപ്പിക്കുകയാണ്. ഇതേ ഹാൻഡിൽ പുറത്തുവിട്ട മൂന്നാം ചിത്രം പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. അത് കുറച്ചുകൂടി സൂം ചെയ്ത് ലഭിച്ച ചിത്രമാണ്. വിമാനത്താവളത്തിലെ പ്രധാന സഞ്ചാരപാതയിൽ നാല് യുദ്ധവിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ചിത്രമാണത്. J-11 അതല്ലെങ്കിൽ J-16 വിമാനങ്ങളാണത് എന്നാണ് ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയെന്ന, ചൈനയുടെ സ്വന്തം സൈന്യത്തിന്റെ വിമാനങ്ങളാണ് അവയെന്നതും വ്യക്തമാണ്.
റഷ്യയുടെ സുഖോയ് 27 വിമാനങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ആധുനിക യുദ്ധവിമാനങ്ങളാണ് J-11/16 വിമാനങ്ങൾ. എല്ലാം ചൈന സ്വയം നിർമിച്ചവ. നമ്മുടെ വ്യോമസേനയുടെ സുഖോയ് 30 MKI വിമാനങ്ങളുമായി കിടപിടിക്കാവുന്നതാണ് ഇവയെല്ലാം. കുറച്ച് ആഴ്ചകൾക്കുള്ളിൽ ഫ്രഞ്ച് കമ്പനിയായ ദസോയുടെ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്താനിരിക്കുകയാണ്. ഇവയാണ് നിലവിൽ ഇന്ത്യയുടെ ഏറ്റവും ആധുനികമായ പോർവിമാനങ്ങൾ.
ഈ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട്, detresfa_ എന്ന ട്വിറ്റർ ഹാൻഡിൽ ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. ഡിസംബർ 2019 മുതൽ ഈ യുദ്ധവിമാനങ്ങളുടെ സാന്നിധ്യം ഈ എയർബേസിലുണ്ട്. ങ്ഗാരി ഗുൻസ എന്ന ഈ വിമാനത്താവളത്തിന്റെ സ്ഥാനം ഇന്ത്യ – ചൈന അതിർത്തിയിൽ ശരിക്ക് നിർണായകമാണ്. മിലിട്ടറി, സിവിലിയൻ വിമാനങ്ങൾ വന്നിറങ്ങാൻ കഴിയുന്ന തരത്തിലുള്ള എയർപോർട്ടാണ് ങ്ഗാരി ഗുൻസ. 14,022 അടി ഉയരത്തിലാണ് ഈ വിമാനത്താവളത്തിന്റെ സ്ഥാനം. ലോകത്തെ തന്നെ ഏറ്റവുമുയരം കൂടിയ സൈനിക വിമാനത്താവളങ്ങളിലൊന്ന്. ഇത്രയുമുയരത്തിലുള്ള ഒരു വിമാനത്താവളത്തിൽ യുദ്ധവിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിന് അർത്ഥം യുദ്ധസാമഗ്രികൾ സംഭരിച്ച് വയ്ക്കാൻ തന്നെയാണെന്ന് വ്യക്തമാണെന്ന് കാർഗിലിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ വൈമാനികൻ സമീർ ജോഷി പറയുന്നു. സാധാരണ ഒരു മണിക്കൂർ മാത്രമാണ് ഇത്തരം യുദ്ധവിമാനങ്ങൾ ഇത്തരം വിമാനത്താവളങ്ങളിൽ നിർത്തിയിടാറ്. പിന്നീട് മടങ്ങും. മാസങ്ങളായി ഇവിടെ നിർത്തിയിടുന്നതിനർത്ഥം യുദ്ധസജ്ജമാകുകയാണ് ഒരു സൈന്യം എന്ന് തന്നെയാണ്.
ആയിരത്തിനടുത്ത് ചൈനീസ് സൈനികർ ലഡാക്കിലെ യഥാർത്ഥ എൽഒസിയ്ക്ക് വളരെ അടുത്തെത്തിയെന്നും, അതല്ല അതിർത്തി മറികടന്നു എന്നുമൊക്കെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മെയ് 5-ന് പങ്ഗോങ് തടാകത്തിനടുത്ത് സൈനികർ തമ്മിൽ കയ്യാങ്കളി വരെയെത്തിയ സ്ഥിതിയുണ്ടായിരുന്നു അതിർത്തിയിൽ.
As #IndoSino tensions continue to rise, satellite visuals actuate reports shared by journalists spotting #China #PLA Camps less than 03 Km from the LAC with #India pic.twitter.com/VYiOoEQDtG
— Damien Symon (@detresfa_) May 23, 2020
ഇന്ത്യയുടെ ദൗലത് ബെഗ് ഓൾഡി വിമാനത്താവളത്തിലേക്ക് റോഡ് വെട്ടുന്നതിനെ എതിർത്ത് ചൈനീസ് സൈനികർ അതിർത്തിയിൽ നിരന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് അതിർത്തിയിൽ സൈനികമേധാവിമാർ തമ്മിൽ പല തലത്തിൽ ചർച്ചകൾ നടന്നിരുന്നു. ദില്ലിയിലാകട്ടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തുമായും മറ്റ് സൈനികമേധാവിമാരുമായും ചർച്ചകൾ നടത്തിയിരുന്നു.