സിനിമാസെറ്റ് തകർത്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ; കലാപനീക്കത്തിന് കാപ്പയടക്കം ജാമ്യമില്ലാ വകുപ്പുകൾ
കൊച്ചി: സിനിമാ ചിത്രീകരണത്തിന് കാലടി ശിവരാത്രി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ മാതൃക ‘ഹിന്ദുവികാരം വൃണപ്പെടുത്തുന്നു’വെന്നാരോപിച്ച് തകർത്ത കേസിൽ മൂന്നുപേരെക്കൂടി പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഇതോടെ പിടിയിലായവർ അഞ്ചായി.
സംഘപരിവാർ സംഘടനയായ ബജ്റംഗ്ദളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇരിങ്ങോൾ കാവശേരി കെ ആർ രാഹുൽ (23), കൂടാലപ്പാട് നെടുമ്പിള്ളി എൻ എം ഗോകുൽ (25), കീഴില്ലം വാഴപ്പിള്ളിൽ വി ആർ സന്ദീപ് കുമാർ (33) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്. കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മുഖ്യപ്രതി കാര രതീഷിനെയും മുഴക്കുട അകനാട് തേവരക്കുടി രാഹുൽ രാജിനെയും (19) തിങ്കളാഴ്ച പിടികൂടിയിരുന്നു. അഞ്ചുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.
കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. മതസ്പർധയുണ്ടാക്കി കലാപത്തിന് വഴിയൊരുക്കിയെന്ന കുറ്റംചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായി മാരകായുധങ്ങളുമായി സംഘംചേരൽ, ആയുധങ്ങളുമായി കലാപനീക്കം, ഭവനഭേദനം, മോഷണം, സ്വത്ത് നശിപ്പിക്കൽ, കുറ്റകൃത്യങ്ങൾക്കായി അഞ്ചിൽ കൂടുതൽ ആളുകൾ സംഘംചേരൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എപ്പിഡമിക് ആക്ടുപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. മിക്ക വകുപ്പുകളും ജാമ്യം ലഭിക്കാത്തവയാണ്.
മുഖ്യപ്രതി രതീഷ് മൂന്ന് കൊലപാതകങ്ങൾ ഉൾപ്പെടെ 29 കേസുകളിൽ പ്രതിയാണ്. കാലടി, നീലീശ്വരം, മലയാറ്റൂർ മേഖലയിൽ കഞ്ചാവ്, ക്വട്ടേഷൻ, പണമിടപാട്, മണൽകടത്ത്, വ്യാജവാറ്റ് സംഘങ്ങളിലുള്ളവരാണ് പ്രതികൾ
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്കായി 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച സെറ്റാണ് തകർത്തത്. ശിവരാത്രി ആഘോഷസമിതിയുടെയും കാലടി പഞ്ചായത്തിന്റെയും അനുമതിയോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പള്ളിയുടെ മാതൃക നിർമിച്ചത്.
പ്രതികൾക്കെതിരെ കാപ്പ ചുമത്തും