കനത്ത മുന്‍ കരുതലില്‍ ആദ്യ ദിനത്തിലെ എസ്. എസ്.എല്‍.സി, വി എച്ച് എസ് ഇ പരീക്ഷകള്‍ ,പരീക്ഷാ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
സ്കൂളുകളില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു.വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുന്നതിനും തിരിച്ച് വീട്ടില്‍ എത്തിക്കുന്നതിനും കെ എസ് ആര് ടി സി, ബസുകളും പ്രൈവറ്റ് ബസുകളും സര്‍വ്വീസ് നടത്തി.
കാസർകോട് : ലോക്ക് ഡൗണ്‍ മൂലം മാറ്റി വെച്ച എസ്. എസ്.എല്‍.സി, വി എച്ച് എസ് ഇ പരീക്ഷകള്‍ തുടങ്ങി. കനത്ത മുന്‍കരുതലോടെ രാവിലെ വി എച്ച് സി പരീക്ഷകളും ഉച്ചയ്ക്ക് ശേഷം പത്താംതരം പരീക്ഷകളുമാണ് നടന്നത്. നാളെ(മെയ് 26) ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും.വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് മുതല്‍ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയത്തിന് അയക്കുന്നത് വരെ ശക്തമായ സുരക്ഷയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
2491 പേരാണ് ജില്ലയില്‍ വി എച്ച് എസ് ഇ എഴുതാന്‍ ഉണ്ടായിരുന്നവര്‍. ഇതില്‍ 22 സെന്ററുകളിലായി 2434 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
എസ് എസ് എല്‍ സി പരീക്ഷ എഴുതേണ്ട ജില്ലയിലെ 266 വിദ്യാര്‍ഥികളാണ് കര്ണ്ണാടകയിലുണ്ടായിരുന്നത്. ഇതില്‍ 236 പേരും തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി പരീക്ഷയെഴുതി. ജില്ലയിലെ കര്‍ണാടക സ്വദേശികളായ 30 പേര് പരീക്ഷയെഴുതാന്‍ എത്തിയില്ല.
ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതേണ്ട ജില്ലയിലെ 204 വിദ്യാര്‍ഥികളാണ് കര്‍ണ്ണാടകയിലുള്ളത്. 30 കുട്ടികള്‍ സ്വന്തമായി പരീക്ഷ കേന്ദ്രങ്ങളിലെത്താമെന്ന് അറിയിച്ചിട്ടുള്ളവരാണ്. ഇതുവരെ 93 വിദ്യാര്‍ഥികള്‍ തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി.പരീക്ഷ എഴുതാനായി തലപ്പാടി അതി ര്ത്തിയിലെത്തിയ കുട്ടികളെ ജില്ലാ ഭരണകൂടമാണ് സ്കൂളുകളിലെത്തിച്ചത്.
പരീക്ഷാ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
എസ്.എസ്.എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു ജില്ലയിലെ വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ചു. കുട്ടമത്ത്,ഹോസ്ദുര്‍ഗ്, പള്ളിക്കര ഗവണ്മെന്റ് സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. പരീക്ഷ നടത്തിപ്പിന് സ്കൂളുകള്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ കളക്ടര്‍ പരിശോധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. പരീക്ഷയ്ക്ക് മുന്നോടിയായി നേരത്തേ തന്നെ ബി ആര് സി വഴി വിദ്യാര്‍ഥികള്‍ക്ക് മാസ്ക്കുകള്‍ മുന്‍കൂട്ടി വീടുകളിലെത്തിച്ച് നല്‍കിയിരുന്നു.
സ്കൂളുകളുടെ പ്രധാന കവാടം വഴി മാത്രമാണ് പ്രവേശനം അനുവദിച്ചത്. കവാടത്തിന് മുന്നില്‍ സാനിറ്റൈസര്‍ ലഭ്യമാക്കി.അധ്യാപകര്‍ കയ്യുറ ധരിച്ചാണ്് വിദ്യാര്‍ഥികളുമായി ഇടപെടുകിയത്്. സ്കൂളുകളില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു.വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുന്നതിനും തിരിച്ച് വീട്ടില്‍ എത്തിക്കുന്നതിനും കെ എസ് ആര് ടി സി, ബസുകളും പ്രൈവറ്റ് ബസുകളും സര്‍വ്വീസ് നടത്തി.