ആശുപത്രികൾ തടവറകളേക്കാൾ മോശം, ആരോഗ്യമേഖല മുങ്ങിയ കപ്പൽ ; ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് കോടതി
ന്യൂഡൽഹി :കോവിഡ് പ്രതിരോധത്തിൽ ഗുജറാത്ത് സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും ആശുപത്രികളുടെ ശോചനീയാവസ്ഥയും തുറന്നുകാണിച്ച് ഹൈക്കോടതി. അഹമ്മദാബാദ് സിവിൽ ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിലെ സാഹചര്യങ്ങൾ തികച്ചും പരിതാപകരമാണ്. ആശുപത്രിയിലെ സാഹചര്യങ്ങൾ തടവറകളേക്കാൾ മോശമാണെന്നും ഹൈക്കോടതി വിമർശിച്ചു. സിവിൽ ആശുപത്രിയിൽ വെള്ളിയാഴ്ചവരെ 377 കോവിഡ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്ത് ആകെയുണ്ടായ മരണങ്ങളിൽ 62 ശതമാനത്തോളം ഇവിടെയാണ്.
നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലംമുതൽ നിക്ഷിപ്തതാൽപ്പര്യക്കാർ കൊട്ടിഘോഷിക്കുന്ന ‘ഗുജറാത്ത് മോഡൽ’ കെട്ടുക്കഥയാണെന്ന് സ്ഥിരീകരിക്കുന്ന നിരീക്ഷണങ്ങളാണ് ഹൈക്കോടതിയുടേത്. ‘‘ആവശ്യത്തിന് വെന്റിലേറ്ററുകൾ ഇല്ലാത്തതിനാൽ രോഗികൾ മരിക്കുന്നുവെന്ന വസ്തുത സർക്കാർ അറിയുന്നുണ്ടോ? ’’– കോടതി ചോദിച്ചു. ജസ്റ്റിസുമാരായ എ ബി പർദിവാല, ഇലേഷ് ജെ വോറ എന്നിവർ അംഗങ്ങളായ ബെഞ്ച് സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തെ മുങ്ങുന്ന ടൈറ്റാനിക്കിനോടാണ് ഉപമിച്ചത്.
‘‘ടൈറ്റാനിക്കിന്റെ തകർച്ച അനിവാര്യമായിരുന്നു. എന്നാൽ, അതിലുണ്ടായിരുന്ന യാത്രക്കാരുടെ കൂട്ടമരണം ഒഴിവാക്കാൻ പറ്റുമായിരുന്നെന്നാണ് ചരിത്രം പറയുന്നത്. രണ്ട് കപ്പലുകൾ തക്കസമയത്ത് എത്തിയിരുന്നെങ്കിൽ ടൈറ്റാനിക്കിലെ എല്ലാ യാത്രക്കാരെയും രക്ഷിക്കാൻ സാധിക്കുമായിരുന്നു. മഹാമാരിയുടെ കാലത്ത് നമ്മുടെ പക്കൽ അവശേഷിച്ചിട്ടുള്ള കരുത്ത് മുഴുവൻ ആവാഹിച്ച് സാധ്യമായ കാര്യങ്ങൾ ചെയ്യണം. ’’–- കോടതി പറഞ്ഞു. രോഗികളും ഡോക്ടർമാരും നേഴ്സുമാരും നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് എന്തെങ്കിലും ധാരണയുണ്ടോയെന്നും കോടതി ചോദിച്ചു.
ഗുജറാത്തിൽ ഇതുവരെ 14,000ത്തിലധികം കോവിഡ് രോഗികളുണ്ട്. 858 പേർ മരിച്ചു. കോവിഡ് പ്രതിരോധത്തിൽ വിജയ്റൂപാണി സർക്കാർ പൂർണപരാജയമാണെന്ന വിമർശം ശക്തമായി.