കൊല്ലം: വെറുമൊരു അസ്വാഭാവിക മരണമായി അവസാനിക്കുമായിരുന്ന ഉത്രയുടെ കേസ്, ആസൂത്രിതവും അത്യപൂര്‍വവുമായ അരുംകൊലയെന്ന് കണ്ടെത്തിയ അന്വേഷണ മികവിനെ അടയാളപ്പെടുത്തുകയാണ് കൊല്ലം റൂറല്‍ പൊലീസ്. മകളുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 18നാണ് അച്ഛന് വിജയസേനന്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കറിന് പരാതി നല്‍കിയത്. രണ്ട് തവണ പാമ്ബ് കടിയേറ്റപ്പോഴും സൂരജിന്റെ സാന്നിദ്ധ്യവും പെരുമാറ്റത്തിലെ പൊരുത്തക്കേടുകളും നിരത്തിയായിരുന്നു പരാതി.
ഗൗരവം ബോദ്ധ്യപ്പെട്ട റൂറല്‍ എസ്.പി, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
എസ്.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ സംഘം കുടുംബത്തിന്റെ പരാതി വിശദമായി പരിശോധിച്ചു. സൂരജിന്റെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ചപ്പോള്‍ത്തന്നെ പാമ്ബ് വന്ന വഴി വ്യക്തമായി. പാമ്ബ് പിടിത്തക്കാരന് സുരേഷുമായുള്ള ബന്ധം തെളിയുന്നത് ഇതിലൂടെയാണ്. ഗൂഗിളില്‍ സൂരജ് പരതിയത് പാമ്ബ് പിടിത്തവുമായി ബന്ധപ്പെട്ട വീഡിയോകളാണെന്നും തിരിച്ചറിഞ്ഞതോടെ അന്വേഷണകേന്ദ്രം സൂരജായി.
ഫെബ്രുവരി 29ന് വീട്ടില്‍ കണ്ട പാമ്ബിനെ സൂരജ് ചാക്കിലാക്കി കൊണ്ടുപോയെന്ന മൊഴി കൂടി ചേര്‍ത്ത് വായിച്ച അന്വേഷണസംഘം, മാസങ്ങളായി സൂരജ് നടത്തിയ എല്ലാ ആസൂത്രണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ പൊളിച്ചടുക്കി. പിന്നാലെ സൂരജിനെ വിളിച്ചു വരുത്തി. ഭാര്യയെ നഷ്ടമായതിന്റെ സങ്കടം പറഞ്ഞ് നോക്കിയെങ്കിലും തെളിവുകള്‍ ഓരോന്നായി നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പിടിച്ചു നില്ക്കാനായില്ല.
സുരേഷില്‍ നിന്ന് രണ്ട് തവണ പാമ്ബിനെ വാങ്ങിയതും ആസൂത്രണവും അടക്കം സകലതും തുറന്ന് സമ്മതിച്ചു. 24 ന് വൈകിട്ട് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സൂരജിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റാര്‍ക്കെങ്കിലും ആസൂത്രണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ 80 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഗ്രേഡ് എസ്.ഐ മാരായ എ. അബ്ദുള്‍ സലാം, ആര്. മുരുകന്, ആര്. ശിവശങ്കരപിള്ള, സജി ജോണ്‍, അജയകുമാര്‍, രാധാകൃഷ്ണപിള്ള,
ഗ്രേഡ് എ.എസ്.ഐമാരായ ആഷിര്‍ കോഹൂര്‍, സി. മനോജ് കുമാര്‍, നിക്സണ് ചാള്‍സ് സി.പി.ഒ മാരായ മഹേഷ് മോഹന്‍, അഖില്‍ പ്രസാദ്, എസ്.സജീന എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം