കാസർകോടിന് നഷ്ടം ,തിരൂരിന് ഭാഗ്യം: കാസർകോട് നഗരസഭ സെക്രട്ടറി എസ് .ബിജുവിന് സ്ഥലംമാറ്റം
റിപ്പോർട്ട് : കെ എസ് ഗോപാലകൃഷ്ണൻ
കാസര്‍കോട്: കാസര്‍കോട് നഗരസഭ സെക്രട്ടറി എസ്. ബിജുവിന് സ്ഥലംമാറ്റം.തിരൂർ നഗരസഭയിലേക്കാണ് അദ്ദേഹം പുതുതായി ചുമതലയേൽക്കുന്നത്. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹത്തിന് ലഭിച്ചത്.ആലപ്പുഴ ജില്ലയിലെ തിരുവല്ല നഗരസഭയിൽ നിന്നാണ് ബിജു കാസർകോട് മുനിസിപ്പൽ സെക്രട്ടറിയായി നിയമിതനായത്.പ്രളയക്കെടുതിയിൽ അമർന്ന തിരുവല്ല നഗരത്തിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്ക് മുന്നണിയിലിറങ്ങി പ്രവർത്തിച്ചതിന്റെ മികവുമായാണ് ബിജുവിന്റെ കാസര്‍കോട്ടേക്കുള്ള വരവ്.
അഴിമതി ആരോപണങ്ങളും വിജിലൻസ്സ് കേസുകളുമായി നഗരഭരണം കെട്ടിമറിയുന്ന കാലത്താണ് കാസർകോട് സെക്രെട്ടറിയായി ചുമതലയേൽക്കുന്നത് ബിജുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇതിനെ സമചിത്തതയോടെ നേരിട്ടാണ് ബിജു ആറുമാസക്കാലം കാസർകോട്ട് സേവനമനുഷ്ഠിച്ചത്.ഒരു സെക്രെട്ടറിക്ക് എങ്ങനെ ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാനാകുമെന്നും ഇക്കാലയളവിൽ ബിജു കർമ്മകുശലതയോടെ തെളിയിച്ചു.
മാലിന്യങ്ങളാൽ മൂടപ്പെട്ട നഗരപരിധിയിൽ ശുചീകരണ വിഭാഗം തൊഴിലാളികളെ ഫലപ്രദമായി രംഗത്തിറക്കി പ്രവർത്തിപ്പിക്കാനും നേരിട്ട് പണിയിടങ്ങളിൽ ചെന്ന് അവരെ നയിക്കാനും ബിജുവിനായിട്ടുണ്ട്. ഇതിനിടയിലാണ് അഴുക്കുചാലിലേക്ക് ചില പ്രമുഖ സ്ഥാപനങ്ങൾ കക്കൂസ് മാലിന്യം ഒഴുക്കി നിയമം ലംഘിച്ചത് ബിജുവും സംഘവും പിടികൂടി നഗരഭരണസമിതിക്ക് തലവേദനയുണ്ടാക്കിയത്.
ഈ കേസ് ഒതുക്കിത്തീർക്കാൻ ഭരണകക്ഷിയെ നയിക്കുന്ന പ്രമുഖൻ ആവശ്യപ്പെട്ടിട്ടും നിയമനടപടിയിൽനിന്ന് പിന്മാറാൻ ഓഫീസ് വിഭാഗം തയ്യാറായില്ല.നഗരത്തിലെ ഒരുകടയിൽ നിന്ന് നിരോധിത പുകയിലഉല്പന്നങ്ങൾ പിടികൂടിയതും വൻ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു.ഇങ്ങനെ പിടിച്ചെടുത്ത തൊണ്ടിമുതലുകളാണ് ചിലർ ചേർന്ന് രാത്രിനേരത്ത് ഓഫീസ് കുത്തിത്തുറന്ന് കടത്തിക്കളഞ്ഞത്. ഇതിന്മേൽ ബിജു പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിനിടയിൽ മഹാമാരിയായി വന്ന കോവിഡ് 19 നെ പ്രതിരോധിക്കാൻ ബിജു മുൻനിന്ന് പ്രവർത്തിച്ചത് പരക്കെ ശ്ലാഘിക്കപ്പെട്ടു.കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനും അതിഥിതൊഴിലാളികൾക്കും തെരുവിൽ അലഞ്ഞുനടന്നു ജീവിക്കുന്നവർക്കും രോഗബാധിതരായ അനാഥർക്കും ബിജു രക്ഷകനായതും കാസർകോട് നഗരവാസികൾ നേരിട്ടുകണ്ടു,തെരുവ് പട്ടികൾക്കുപോലും ഈ ഉദ്യോഗസ്ഥന്റെ കാരുണ്യസ്പർശം അറിയാനായി എന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.ഏറ്റവുമൊടുവിൽ ഉത്തർപ്രദേശുകാരായ അതിഥിതൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് ബസുകളിൽ യാത്രയയച്ച രംഗം
വികാരനിര്‍ഭരമായിരുന്നു.
ചുരുങ്ങിയ മാസം കൊണ്ട് നഗരത്തിന്റെ ഉന്നമനത്തിന് നേതൃത്വം നൽകിയ ബിജുവിന്റെ സ്ഥലം മാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു.ഇനി ഈ ഉദ്യോഗസ്ഥന്റെ കര്‍മകുശലതയും കൃത്യനിർവഹണശേഷിയും സമൂഹപ്രതിബദ്ധതയും ഏറ്റുവാങ്ങുന്നത് തുഞ്ചന്പറമ്പിന്റെയും വാഗൺട്രാജടിയുടെയും മഹിത സ്മരണകൾ ഉൾപ്പുളകം ചൊരിയുന്ന കേരളത്തിലെ തലയെടുപ്പുള്ള ചരിത്ര നഗരിയാണ് .