എസ് എസ് എല്‍ സി പ്ലസ്ടു പരീക്ഷകള്‍: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പ്രൈവറ്റ് ബസുകള്‍ പരീക്ഷാ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 വരെ പതിവ് സര്‍വീസ് നടത്തണം
കാസർകോട് : കോവിഡ് 19 ബാധയെ തുടര്‍ന്ന് മാറ്റി വെച്ച എസ് എസ് എല്‍ സി പ്ലസ്ടു പരീക്ഷകള്‍ സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. എസ്. എസ്.എല്‍സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയ്ക്ക് മുഴുവന്‍ കുട്ടികളെയും എത്തിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് സ്കൂള്‍ പ്രധാന അധ്യാപകര്‍ക്കാണ്. എല്ലാ കുട്ടികളും പരീക്ഷ നിര്‍ബന്ധമായും എഴുതണമെന്നും, ഇപ്പോളുള്ള അവസരം പൂര്‍ണ്ണമായും ഉപയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.അതിര്‍ത്തി കടന്നു പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്കാന് പോലീസിനെ ചുമതലപ്പെടുത്തി. പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തുനിന്ന് ബസ് കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രൈവറ്റ് ബസുകള്‍ പരീക്ഷാ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ബന്ധമായും പതിവ് സര്‍വീസ് നടത്തണം.പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു സ്കൂള്‍ / രക്ഷിതാവ് ഒരുക്കി കൊടുക്കുന്ന യാത്രാ സൗകര്യം, പൊതു ഗതാഗതം, സ്വകാര്യ ബസ് എന്നിവ ലഭ്യമല്ലെങ്കില്‍ മാത്രം പോലീസ് വാഹനത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് 9497990142, 9497935841 എന്നീ നമ്പറുകളില്‍ കുട്ടികള്‍ക്കു പോലീസിനെ ബന്ധപ്പെടാം. സ്കൂളുകളില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിക്കുന്നതിനും, സാമൂഹിക അകലം, ശാരീരിക ശുചിത്വം എന്നിവ ഉറപ്പു വരുത്തുന്നതിനും നിയോഗിക്കപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ അതാത്
സ്കൂളില്‍ രാവിലെ 7.45 നു തന്നെ റിപ്പോര്‍ട്ട് ചെയ്യണം. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്ക് 9447856131 എന്ന നമ്പറില്‍ സ്കൂള്‍ അധികൃതര്‍ക്ക് വിളിക്കാം. കോവിഡ് 19 ക്വാറന്റൈന് സെന്ററുകളായി പ്രവര്‍ത്തിച്ച ജില്ലയിലെ മുഴുവന്‍ സ്കൂളുകളും അണുവിമുക്തമാക്കിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.
പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സ്കൂള്‍ പരിസരങ്ങളിലും, വഴിയോരങ്ങളിലും പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, റവന്യു അധികൃതരുടെ പെട്രോളിംഗ് സംവിധാനം ഏര്‍പ്പെടുത്തും.പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ ഉപയോഗിച്ചതിന് ശേഷം മാസ്ക്ക്, ഗ്ലൗസ് മുതലായവ പ്രോട്ടോകോള്‍ അനുസരിച്ച് നശിപ്പിക്കും.
യോഗത്തില്‍ എഡി എം എന്‍ ദേവിദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പുഷ്പ കെ.വി, ഡെപ്യൂട്ടി ഡി എം ഒ ഡോ മനോജ് എ.ടി, ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ മനോജ് കുമാര്‍ വി, ഡി.വൈ.എസ്.പി.(ഡിസിആര്‍ബി) ജെയ്സണ്‍ കെ അബ്രഹാം, ജില്ലാ ഫയര്‍ ഓഫീസര്‍ രാജ് ബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന് എം എന്നിവര്‍ സംബന്ധിച്ചു.