പ്രതിപക്ഷത്ത് വിള്ളലും അങ്കലാപ്പും സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം,
യു ഡി എഫിൽനിന്ന് ആരേയും ചാക്കിടാനില്ലെന്ന് പിണറായി,
കോൺഗ്രസ്സ് ആശയക്കുഴപ്പത്തിൽ ,കരുതലോടെ മുസ്ലീം ലീഗ്
എൽ ഡി എഫ് മന്ത്രിസഭയുടെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ കേരളം ഇനി കാണാനിരിക്കുന്നത് മുന്നണി രാഷ്ട്രീയത്തിൽ സംഭവിച്ചേക്കാവുന്ന ചടുലവും അസാധാരണ സമവാക്യ നീക്കങ്ങളും .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുന്ന സർക്കാരിന് പ്രതിപക്ഷത്തെ ചില പാർട്ടികളും അതിന്റെ നേതാക്കളും സഹകരണവും പിന്തുണയും അറിയിച്ചുവെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലാണ് ഇതിന് കാരണം.ഇത് പ്രതിപക്ഷ നേതൃത്വത്തെഅഗാധമായ അങ്കലാപ്പിലാഴ്ത്തിക്കഴിഞ്ഞു..എന്നാൽ തന്നെ വന്നുകണ്ടത് കോൺഗ്രസ്സല്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ ഇതിന്മേലുള്ള ആശങ്കകൾ പ്രതിപക്ഷത്ത് ഉരുണ്ടുകൂടുകയാണ് .തന്നെ സന്ദർശിച്ച് സർക്കാരിന് പിന്തുണ അറിയിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്ന്മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെ പരുങ്ങലിലായത് പ്രതിപക്ഷ മുന്നണിയിലെ ഘടകകക്ഷികളാണ് .
ഒരുമണിക്കൂറിലേറെ നേരം നീണ്ടുനിന്ന പത്രസമ്മേളനത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറഞ്ഞു മുഖ്യമന്ത്രി രാഷ്ട്രീയ വിഷയങ്ങളിലേക്ക് നടന്നുകയറിയത്.കോവിഡ് പ്രതിസന്ധിക്കിടയിലും പ്രതിപക്ഷത്തെ കോൺഗ്രസ്സും അതിലെ ചിലനേതാക്കളും രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും കേരളത്തിന്റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പിണറായി തുറന്നടിച്ചു .സർക്കാർ ഇക്കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളെയും പ്രതിപക്ഷം തുരങ്കം വെക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.പക്ഷെ ഇത്തരം കുല്സിത നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയായിരുന്നു.എൽ ഡി എഫിനെ സംബന്ധിച്ച് ഇപ്പോൾ മുഖ്യ വിഷയം ആസന്നമായ തിരഞ്ഞെടുപ്പുകളല്ലെന്നും കോവിഡ് മഹാമാരിയിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രവർത്തനങ്ങൾ മുന്നേറുന്നതിനിടയിലാണ് കേരളാ കോൺഗ്രസ്സ് നേതാവ് പി.ജെ.ജോസഫ് മു
ഖ്യമന്ത്രിയുമായി കൂടിക്കാഴ്ചനടത്തിയത്..കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് മാണി വിഭാഗവുമായി തുടരുന്ന തർക്കത്തിനിടയിലാണ് ജോസഫ് പിണറായിയെ കണ്ടത്.ഈ കൂടിക്കാഴ്ചയോടെ പ്രതിപക്ഷത്ത് ചില അസംതൃപ്തി മുളപൊട്ടിയിരുന്നു.അതിനിടെ ഇന്ന് മുഖ്യമന്ത്രി പുതിയ നടത്തിയ വെളിപ്പെടുത്തലോടെ പ്രതിപക്ഷത്തെ ആശയക്കുഴപ്പങ്ങൾ ഒന്നുകൂടി മൂർച്ഛിക്കും.അതേസമയം മുസ്ലിം ലീഗും അതിലെ ചിലനേതാക്കളും കോവിഡിൽ മുഖ്യമന്ത്രിക്ക് പിന്തുണ അർപ്പിച്ചതും തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാണ്.ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യും അദ്ദേഹത്തിന്റെ അനുയായികളുമാണ് പിണറായിയെ പിന്തുണയ്കുന്ന ലീഗിലെ ഒരുവിഭാഗം . നിലവിൽ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന യാതൊരു നീക്കങ്ങളും ഇപ്പോൾ ഉണ്ടാകരുതെന്നും ലീഗിലെ പ്രബല വിഭാഗം പ്രതികരിക്കുന്നുണ്ട്.കോവിടിനിടയിൽ വന്ന റമദാൻ മാസം പ്രശ്നങ്ങളേതുമില്ലാതെ കടന്നുപോയതും ആശ്വാസപ്രവർത്തനങ്ങൾ സുഗമമായതും സർക്കാരിന്റെയും പൊതുവിതരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ കൊണ്ടാണെന്നും ലീഗ് വിലയിരുത്തുന്നുണ്ട് .
റിപ്പോർട്ട് : കെ.എസ് .ഗോപാലകൃഷ്ണൻ