5 വര്‍ഷത്തെ ലക്ഷ്യം 4 വര്‍ഷത്തിൽ പൂര്‍ത്തിയാക്കി; ദുരന്തത്തിന് മുന്നിൽ തളര്ന്നിരിക്കില്ലെന്ന് പിണറായി
രണ്ട് പ്രളയവും കൊവിഡ് മഹാമാരിയും നേരിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ദുരിതങ്ങളുടെ നാലുവര്‍ഷം എന്ന പേരിൽ പ്രതിഷേധ ദിനം ആചരിക്കുകയാണ് പ്രതിപക്ഷം
തിരുവനന്തപുരം: വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനുശ്ശ ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തിൽ മറികടക്കാനും നേരിടാനും സര്‍ക്കാരിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടു നേടാനായുള്ള അഭ്യാസത്തിനായിരുന്നില്ല ഇടത് സമീപനം. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ വര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
ദുരന്തമുഖത്തായതിനാൽ ഇത്തവണ വാര്‍ഷികാഘോഷങ്ങളില്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മളനം തുടങ്ങിയത്. നാല് വര്‍ഷം കൊണ്ട് ആര്‍ജ്ജിച്ച പുരോഗതിയാണ് കൊവിഡ് പ്രതിരോധത്തിൽ തുണയായത്. തടസങ്ങൾ ഏറെ നേരിട്ടാണ് കേരള പുരോഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ കണക്കുകൂട്ടലിനേയും തെറ്റിച്ചാണ് നൂറ്റാണ്ടിലെ വലിയ പ്രളയം ഉണ്ടായത്.
വികസന തുടര്‍ച്ചക്ക് അത് സ്വാഭാവികമായും തടസമുണ്ടാക്കി. പക്ഷെ ഒറ്റക്കെട്ടായാണ് കേരളം അതിനെ പ്രതിരോധിച്ചത്. പ്രളയ ദുരിതം അതിജീവിക്കാൻ ഒത്തൊരുമിച്ച് മുന്നേറുന്നതിനിടെ കാര്‍ഷക്കെടുതിയായി. അത് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചരിത്രത്തിലില്ലാത്ത വെല്ലുവിളിയുമായി കൊവിഡ് 19 വന്നത്. എല്ലാറ്റിനേയും അതിജീവിക്കാൻ പ്രയാസമാണ്. എന്നാൽ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം പ്രവര്‍ത്തിക്കാൻ കേരളത്തിനായി.
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. ആരോഗ്യവും ആത്മാഭിമാനവും ആത്മവിശ്വാസവും വിദ്യാഭ്യാസവും ഹരിതാഭയുമുള്ള നവകേരളമാണ് ലക്ഷ്യമിട്ടത്. മത്സ്യതൊഴിലാളി ഭവനപദ്ധതി സുപ്രധാന നേട്ടം. 390 കിലോമീറ്റർ നീളത്തിൽ പുഴകളെ തിരിച്ചുപിടിച്ചു. സംസ്ഥാനത്തിൻ്റെ ചെലവ് കൂടി. ഈ വർഷം ചെലവിൽ 15 ശതമാനം വർദ്ധനവ് ഉണ്ടാകും. പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. കിഫ്ബി അതിനുള്ള തനത് വഴിയാണ്. 2150 കോടി രൂപ മസാല ബോണ്ടുകൾ വഴി മാത്രം സമാഹരിച്ചു. സാധാരണ വികസനത്തിന്റെ അഞ്ചിരട്ടിയാണ് കിഫ്ബി വഴി ഉണ്ടാക്കിയത്.
എല്ലാവരേയും ഉൾക്കൊള്ളുന്ന നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കൊവിഡ് കാലത്ത് ആരും പട്ടിണികിടക്കരുതെന്ന് ലക്ഷ്യമിട്ടാണ് കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിത്. 23409 കോടി രൂപ ക്ഷേമ പെൻഷനായി നൽകി. നാല് വര്‍ഷവും അഞ്ച് വര്‍ഷവും തമ്മിലുള്ള താരതമ്യമാണ് ഇതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ഒരു പെൻഷനും ലഭിക്കാത്ത ആളുകൾക്ക് 1000 രൂപ വീതവും എല്ലാ റേഷൻകാര്‍ഡ് ഉടമകൾക്കും പലവ്യഞ്ജന കിറ്റും നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം ഉറപ്പാക്കാൻ പദ്ധതികളുണ്ടാക്കി. പൊലീസ് സേനയിലെ വനിതാ സാന്നിദ്ധ്യം കൂട്ടാൻ പദ്ധതികൾ ഏറെ ഉണ്ടാക്കി. ഫയര്‍ ഫോഴ്സിൽ 100 ഫയര്‍ വുമണെ നിയമിക്കുന്നതിത് ആദ്യമായാണ്.
പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ശക്തമായ നടപടികളുണ്ടായി. നാല് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് കടന്ന് വന്നു. കുടുംബശ്രീകളുടെ പ്രവര്‍ത്തനം മുൻപെങ്ങുമില്ലാത്ത വിധം മെച്ചപ്പെട്ടു. അതിഥി തൊഴിലാളികൾക്ക് അപ്നാഘര്‍ എന്ന പേരിൽ സ്വന്തമായി പാര്‍പ്പിട സൗകര്യം അടക്കം ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളം ഉണ്ടാക്കിയത്. കൊവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്ക് ഒരുക്കിയ സൗകര്യങ്ങൾ ലോക ശ്രദ്ധ നേടിയെന്നും പിണറായി വിജയൻ പറഞ്ഞു.
തൊഴിൽ മേഖലയിൽ മിനിമം വേതനം പുതുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിലും കാതലായ മാറ്റം ഉണ്ടായി. ആരുടേയും സഹായമില്ലാതെ ഓൺലൈനായി സഹായത്തിന് സമീപിക്കാവുന്ന സംവിധാനം സുതാര്യമായി നടപ്പാക്കാൻ സര്‍ക്കാരിന് കഴിഞ്ഞു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ മനസു നിറഞ്ഞാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.
കേരള ബാങ്ക് രൂപീകരണം വലിയ നേട്ടമായി. നടപ്പാക്കില്ലെന്ന് പറഞ്ഞവരുടെ മോഹങ്ങൾ അപ്രസക്തമായി. സ്റ്റാർട്ട് അപ്പ് നിക്ഷേപം രണ്ടര കോടിയിൽ നിന്ന് 875 കോടിയായി ഉയർന്നു. സൗജന്യ വൈഫൈ എല്ലായിടത്തും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭം 56 കോടി. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭം 56 കോടിയാണ്. നാല് കേന്ദ്രങ്ങളിൽ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങി. വ്യവസായങ്ങൾ ആകർഷിക്കുന്നത് മുന്നിൽ കണ്ട് പ്രത്യേക സമിതികൾക്ക് രൂപം നൽകി. വിദേശ രാജ്യങ്ങളുമായി ആശയവിനിമയം നടത്തും. വിദേശ നോമിനികളും സമിതിയിൽ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഗെയ്ൽ പൈപ് ലൈൻ കൊച്ചി മംഗലാപുരം ലൈൻ പൂർത്തിയായി. കൂറ്റനാട് വാളയാർ ലൈൻ
ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. ആലപ്പുഴ ബൈപാസ് 98 ശതമാനം പൂർത്തിയായി.
കേരളാ പൊലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. കേസുകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു
ജനമൈത്രി പൊലീസ് മാതൃകയാണ്.
കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കും. ഇതെ രീതി തുടർന്നാൽ സ്ഥിതി മാറുന്ന അവസ്ഥയാണ് ഉള്ളത്. സുരക്ഷാ മുൻകരുതൽ നിര്‍ദ്ദേശങ്ങൾ എല്ലാവരും അതേ പോലെ പാലിക്കണം. സംസ്ഥാനത്തിന് പുറത്ത് കഴിയുന്നവരെ എല്ലാം തിരിച്ചെത്തിക്കാൻ സര്‍ക്കാരിന് ഒരു മടിയും ഇല്ല. പക്ഷെ വ്യവസ്ഥയില്ലാത്ത വിധത്തിൽ മുന്നോട്ട് പോകുന്നത് രോഗ വ്യാപനം ഇരട്ടിയാക്കാനെ ഉപകരിച്ചു. ആര് എവിടെനിന്ന് എങ്ങനെ എപ്പോൾ വരുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ഉണ്ടെങ്കിലേ പ്രതിരോധ മുൻകരുതൽ നടപടികൾ ഫലപ്രദമാകൂ എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. വരുന്നത് മഴക്കാലമാണ്. ഇത് മുന്നിൽ കണ്ട് കൂടുതൽ സംവിധാനങ്ങൾ ഒരുക്കും.