മുംബൈയില്‍ നിന്നെത്തിയ ട്രെയിന്‍ കണ്ണൂരില്‍ എത്തി; 400 യാത്രക്കാര്‍ ഇറങ്ങി
കണ്ണൂര്‍: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ കണ്ണൂരെത്തി. ട്രെയിനിലെ 1600 യാത്രക്കാരില്‍ 400 പേര് കണ്ണൂരില്‍ ഇറങ്ങി. നാലു ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങി. ഇവരെ 15 ബസുകളില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും.
യാത്രക്കാരില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നതിനാല്‍ ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയ്യണം. ഇവരില്‍ മിക്കവരും ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക. യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ കൈവശമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് മഹാരാഷ്ട്ര സര്‍ക്കാരാണ് ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്തിന് പുറമെ രണ്ടു ടെക്നിക്കല്‍ സ്റ്റോപ്പുകള്‍ മാത്രമായിരുന്നു യാത്ര പുറപ്പെടുമ്ബോള്‍ ട്രെയിനിനു അനുവദിച്ചിരുന്നത്. പിന്നീടു യാത്രക്കാര്‍ നേരിട്ട് തിരുവനന്തപുരത്തെ കോവിഡ് വാര് റൂമുമായി ബന്ധപ്പെട്ടാണ് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിപ്പിച്ചത്.
ട്രെയിനു കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ച വിവരം ജില്ലാ ഭരണകൂടം അറിയാതിരുന്നതും ആശയക്കുഴപ്പുമുണ്ടാക്കിയിരുന്നു. കണ്ണൂരിന് ശേഷം ഇനി തൃശൂര്‍, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്.