ഡിവൈഎഫ്ഐ നേതാവിന്റെ മരണം: പോലീസിനെതിരേ അച്ഛന്റെ മൊഴി, മൃതദേഹം പരിശോധനയ്ക്ക് അയച്ചു
അടൂര്‍: ഡി.വൈ.എഫ്.ഐ. നേതാവിന്റെ മരണത്തില്‍ അച്ഛന് പോലീസിനെതിരേ പരാതി പറഞ്ഞതോടെ മൃതദേഹം പരിശോധനയ്ക്കയച്ചു. ഡി.വൈ.എഫ്.ഐ. അടൂര്‍ മേഖലാ കമ്മിറ്റിയംഗവും സി.പി.എം. സെന്‍ട്രല്‍ ബ്രാഞ്ചംഗവുമായ കടമ്പനാട് തുവയൂര്‍ തെക്ക് മലങ്കാവ് കൊച്ചുമുകളില്‍ വീട്ടില്‍ ജോയല്‍ (29)ആണ് മരിച്ചത്. ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകനാണ്.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ജോയലിനെ അടൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചിരുന്നു. കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജോയലിനെ ജനുവരി ഒന്നിന് പോലീസ് ഒരു പരാതിയുമായി ബന്ധപ്പെട്ട് അടൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നശേഷം വിട്ടയച്ചിരുന്നു. എന്നാല്‍, പോലീസ് തന്റെ മകനെ അന്ന് മര്‍ദിച്ചിരുന്നതായും മരണത്തില്‍ സംശയമുണ്ടെന്നും പിതാവ് മൊഴി നല്കി. തുടര്‍ന്ന് അടൂര്‍ ആര്.ഡി.ഒ. പി.ടി.എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.