ഉറങ്ങിക്കിടന്ന യുവതിയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചതുതന്നെ? സുപ്രധാന തെളിവ് ലഭിച്ചു, അറസ്റ്റ് ഉടനെന്ന് സൂചന
കൊല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്, പാമ്പിനെ മുറിയിൽ കൊണ്ടിട്ടതെന്ന് ബോദ്ധ്യപ്പെടാൻ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു. അറസ്റ്റ് ഉടൻ ഉണ്ടായേക്കും. മരിച്ച അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്തരയുടെ(25) വീട്ടിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകനും സംഘവും ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്തരയുടെ അടുത്ത ബന്ധുക്കളുടെ മാെഴി രേഖപ്പെടുത്തുകയും സ്ഥല പരിശോധന നടത്തുകയും ചെയ്തു.വീട്ടിലേക്ക് പാമ്പ് കടക്കാനുള്ള എല്ലാ സാദ്ധ്യതകളും അന്വേഷണ സംഘം വിലയിരുത്തി. എ.സിയുള്ള മുറിയുടെ ജനാല തുറന്ന് കിടന്നപ്പോൾ അതുവഴി പാമ്പ് അകത്ത് കയറിയതാകാമെന്നാണ് ഭർത്താവ് സൂരജ് അഞ്ചൽ പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നത്. ഈ ജനാലയ്ക്കരികിലാണ് സൂരജ് അന്നേ ദിവസം രാത്രി കിടന്നത്. തുറന്നിട്ട ജനാലയുടെ ഭാഗത്താണ് സൂരജിന്റെ തലഭാഗം വരേണ്ടത്. ഇതേ മുറിയിൽ മറുവശത്തായാണ് മറ്റൊരു കട്ടിലിലാണ് ഉത്തര കിടന്നത്. ആ നിലയിൽ പാമ്പ് മുറിയ്ക്കുള്ളിൽ കടന്നാൽ സൂരജിന്റെ ശരീരത്തിലൂടെ ഇഴഞ്ഞ് തറയിൽ ഇറങ്ങി അടുത്ത കട്ടിലിൽ കടന്നുവേണം ഉത്തരയെ കടിയ്ക്കാൻ. അതിനുള്ള സാദ്ധ്യത വളരെ വിരളമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.ഉത്തരയുടെ മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകിയ ശേഷമാണ് തന്നെ മന:പൂർവം ആക്ഷേപിക്കുന്നതും ഉത്തരയുടെ സഹോദരന് മരണത്തിൽ പങ്കുണ്ടെന്നും കാട്ടി സൂരജ് എസ്.പിയ്ക്ക് പരാതി നൽകിയത്. അടൂരിലെ ഭർതൃഗൃഹത്തിൽ ഉത്തര താമസിച്ചുവന്നപ്പോൾ രണ്ട് തവണ അവിടെ മുറിയിൽ പാമ്പിനെ കണ്ടിരുന്നു. ഒരുതവണ ഉത്തരയ്ക്ക് കടിയേൽക്കുകയും ചെയ്തു. പാമ്പ് കടിച്ചെന്ന് പറഞ്ഞപ്പോഴും മൂന്ന് മണിക്കൂർ വരെ ആശുപത്രിയിൽ കൊണ്ടുപോകാൻ അന്ന് സൂരജ് തയ്യാറായതുമില്ല. ഇപ്പോൾ പാമ്പ് കടിയേറ്റ് ഉത്തര മരിച്ചതോടെ സൂരജിന്റെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങൾ.സാഹചര്യ തെളിവുകൾ കൊലപാതകത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സാധാരണ കുടുംബാംഗമായ സൂരജ് ഉത്തരയുമായി വിവാഹത്തിന് തയ്യാറായതും സ്വത്ത് മോഹിച്ചാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. 98 പവന്റെ ആഭരണങ്ങൾ ഉത്തരയ്ക്ക് വിവാഹത്തിന് നൽകിയിരുന്നു. പണവും കാറുമൊക്കെ പിന്നാലെയും നൽകി. സൂരജ്, ഉത്തരയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സ്വത്ത് മോഹിച്ചായിരുന്നുവെന്ന് ഇന്നലെ ഉത്തരയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞു. ഈ വിഷയങ്ങളെല്ലാം റൂറൽ എസ്.പിയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിലയിരുത്തി. പ്രതി ആരെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടുണ്ടെങ്കിലും ഇന്ന് വൈകിട്ടോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.