മുംബൈയില്‍ നിന്നും വരുന്ന ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് അറിയാതെ ജില്ലാ ഭരണകൂടം; യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി
തിരുവനന്തപുരം: മുംബൈയില്‍ നിന്ന് 1600 മലയാളികളേയും കൊണ്ട് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പുണ്ടെന്ന് അറിയാതെ ഉദ്യോഗസ്ഥര്‍.
ഇന്നലെ രാത്രി പുറപ്പെട്ട് ഇന്ന് 2 മണിയോടെ കണ്ണൂരെത്തുന്ന തീവണ്ടിയെ കുറിച്ച് രാവിലെ മാധ്യമങ്ങളിലൂടെ മാത്രമാണ് ജില്ലാ ഭരണകൂടം അറിഞ്ഞത്.
മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയാണ് ട്രെയിന്‍ ഏര്‍പ്പാട് ചെയ്തത്. ഈ തീവണ്ടിക്ക് തിരുവനന്തപുരത്തായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. എന്നാല്‍ കണ്ണൂരും കൊച്ചിയിലും ഷൊര്‍ണൂരും സ്റ്റോപ്പ് വേണമെന്ന് എ.ഐ.സി.സി കേരളത്തോടും റെയില്‍വേയോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം വൈകിയതാണ് ഇത്തരമൊരു ആശയക്കുഴപ്പത്തിലേക്ക് നയിച്ചത്.
കണ്ണൂരില്‍ ആളുകള്‍ ഇറങ്ങുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് ഔദ്യോഗികമായ വിവരം ലഭിക്കുന്നത് ഏറെ വൈകിയാണ്. അതുവരെ ഒരു മുന്നൊരുക്കവും നടത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ മറ്റുകാര്യങ്ങളെ കുറിച്ചൊന്നും ഇപ്പോള്‍ അന്വേഷിക്കുന്നില്ലെന്നും വരുന്ന ആളുകളെ കൃത്യമായ പരിശോധന നടത്തി വീട്ടിലേക്ക് കൊണ്ടുപോകുമെന്നും കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു.
15 ബസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. 300 പേരാണ് കണ്ണൂരില്‍ ഇറങ്ങുന്നത്. ഇവരെ ക്വാറന്റീന് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയതായി ജില്ലാ ഭരണകൂടവും അറിയിച്ചു.
കണ്ണൂരിലെത്തുന്ന മുംബൈ ട്രെയിനിലെ യാത്രക്കാരെ കൃത്യമായി പരിശോധിക്കുമെന്നും അറിയിപ്പ് കിട്ടിയത് വൈകിയാണെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
ഉച്ചക്ക് രണ്ട് മണിയോടെ ട്രെയിന്‍ കണ്ണൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 300 യാത്രക്കാരാണ് ട്രെയിനില്‍ വന്നിറങ്ങുക. ഇന്ന് രാവിലെ 11 മണിയോടെയാണ് ഔദ്യോഗികമായി വിവരം ലഭിച്ചത്. ആരോഗ്യ പരിശോധനക്കും മറ്റും ഉള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.