ഒരു രാത്രി മുഴുവന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചു; യു.പിയിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍
ലഖ്നൗ: യു.പിയിലേക്ക് പോകേണ്ട ശ്രമിക് ട്രെയിന്‍ വഴി തെറ്റി ഒഡീഷയിലെത്തി. മഹാരാഷ്ട്രയില്‍ നിന്നും ഗോരഖ്പൂരിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിനാണ് ഇന്ന് രാവിലെ ഒഡീഷയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കേലയില്‍ എത്തിയത്.
ഡ്രൈവര്‍ക്ക് വഴിതെറ്റിയതാകാമെന്നാണ് നിഗമനം. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം നല്കാന് റെയില്‍വേ തയ്യാറായിട്ടില്ല.
മുംബൈയില്‍ ഭക്ഷണവും ജോലിയുമില്ലാതെ കുടുങ്ങിയ നൂറ് കണക്കിന് വരുന്ന തൊഴിലാളികളാണ് സ്വന്തം നാടായ യു.പിയിലേക്ക് വ്യാഴാഴ്ച ട്രെയിന്‍ കയറിയത്. എന്നാല്‍ ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന് ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകുമ്പോഴാണ് തങ്ങള്‍ എത്തിയത് ഗോരഖ്പൂരിലല്ലെന്നും റൂര്ക്കേലയിലാണെന്നും ഇവര്‍ക്ക് മനസിലായത്.
എവിടെയാണ് തങ്ങളെ എത്തിച്ചതെന്നും എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നുമുള്ള യാത്രക്കാരുടെ ചോദ്യത്തിന് റെയില്‍വേ തന്ന റൂട്ടിലൂടെയാണ് ട്രെയിന്‍ സഞ്ചരിച്ചത് എന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ ആ വഴിയിലൂടെ സഞ്ചരിക്കവേ ഡ്രൈവര്‍ക്ക് ആശയക്കുഴപ്പമുണ്ടായെന്നുമാണ് ഇവര്‍ പറഞ്ഞത്.
എന്നാല്‍ തങ്ങള്‍ നല്കിയ റൂട്ട് തെറ്റിയിട്ടില്ലെന്നും ഡ്രൈവര്‍ക്കാണ് വഴിതെറ്റിയതെന്നുമാണ് റെയില്‍വേ നല്കിയ വിശദീകരണം.
ശ്രമിക് ട്രെയിന്‍ ആയതുകൊണ്ട് തന്നെ സാധാരണ വഴിയിലൂടെ പോകാനായിരുന്നില്ല നിര്‍ദേശം. ചില ട്രെയിനുകള്‍ റൂര്‍ക്കേല വഴി ബീഹാറിലേക്കും വിട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് എങ്ങനെ വഴി തെറ്റിയെന്ന് മനസിലാകുന്നില്ലെന്നുമാണ് റെയില്‍വേ നല്കിയ വിശദീകരണം.
അതേസമയം റൂര്‍ക്കേലയില്‍ കുടുങ്ങിയ തൊഴിലാളികളെ ഏത് ട്രെയിനില്‍ യു.പിയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
വ്യാഴാഴ്ച മഹാരാഷ്ട്രയിലെ വസായ് സ്റ്റേഷനില്‍ നിന്നുമായിരുന്നു പ്രത്യേക ശ്രമിക് ട്രെയിന്‍ യു.പിയിലേക്ക് പുറപ്പെട്ടത്. രാത്രി മുഴുവന്‍ ദിശ തെറ്റി സഞ്ചരിച്ചിട്ടും ഡ്രൈവര്‍ക്ക് വഴിതെറ്റിയെന്ന കാര്യം മനസിലായിരുന്നില്ല.