ലോക്ക് ഡൗണുകളിലൂടെ രാജ്യത്ത് ഇരുപത്തിയൊന്‍പത് ലക്ഷം വരെ ജനങ്ങളെ രോഗികളാകാതെ തടുത്ത് നിര്‍ത്തി; 54000 മരണങ്ങളും തടയാനായെന്ന് നീതി അയോഗ് അംഗം
ന്യൂഡല്‍ഹി: ഒന്നും രണ്ടും ഘട്ട ലോക്ക് ഡൗണുകളിലൂടെ രാജ്യത്ത് പതിനാല് ലക്ഷം മുതല്‍ ഇരുപത്തിയൊന്‍പത് ലക്ഷം വരെ ജനങ്ങളെ രോഗിയാകാതെ തടുത്ത് നിര്‍ത്താനായെന്ന് നീതി അയോഗ് അംഗം വിനോദ് പൗള്‍. ഇതിലൂടെ 54000 മരണങ്ങളും തടയാനായെന്ന് അദ്ദേഹം അറിയിച്ചു.
മാര്‍ച്ച് 25ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം നടത്തിയ വിവിധ പകര്‍ച്ചാവ്യാധി മാതൃകാ പഠനങ്ങളിലാണ് ഈ വിവരങ്ങളുള്ളതെന്ന് പോള്‍ പറഞ്ഞു. രാജ്യം ശരിയായ വഴിയിലൂടെയാണ് നീങ്ങുന്നതെന്ന് പഠനവിവരങ്ങള്‍ പറയുന്നുണ്ട്. സാഹചര്യം വളരെ മോശമാകുമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ അവ നടന്നില്ല. അഞ്ചോളം ഏജന്‍സികള്‍ നടത്തിയ വസ്തുത അപഗ്രഥനത്തില്‍ ആണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 80% രോഗം ബാധിച്ചിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളെയാണ്.
90% രോഗബാധ 10 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര,തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, കര്‍ണാടക എന്നിവയാണ് ആ സംസ്ഥാനങ്ങള്‍.
95% മരണവും സംഭവിച്ചിരിക്കുന്നത് പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതില്‍ 70% നഗരങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി,രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്,
കര്‍ണാടക എന്നിവായാണ് ആ സംസ്ഥാനങ്ങള്‍. മുംബൈ, അഹമ്മദാബാദ്, പൂനെ,ഡല്‍ഹി, കല്‍ക്കത്ത, ഇന്‍ഡോര്‍, താനെ, ജയ്പൂര്‍, ചെന്നൈ, സൂറത്ത് എന്നിവയാണ് നഗരങ്ങള്‍.
ശക്തമായ ലോക്ക് ഡൗണിലൂടെ സര്‍ക്കാരിന് രോഗ പരിശോധനയ്ക്കും, ആശുപത്രികള്‍ സജ്ജീകരിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിശീലനങ്ങള്‍ നല്‍കാനും അവസരം ലഭിച്ചു. രാജ്യം രോഗത്തെ നേരിടാന്‍ സജ്ജമാണെങ്കിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ ക്രമേണ ഓരോ മേഖലകളിലും നല്‍കുന്നതിലൂടെ രോഗം പിന്നീടും പടരുമ്ബോള്‍ അതിനെ പ്രതിരോധിക്കാനുള്ള രോഗപ്രതിരോധ ശേഷി നമുക്കില്ല. അതിനാല്‍ നാം വളരെയധികം ശ്രദ്ധിക്കുകയും പ്രതിരോധ മാര്‍ഗ്ഗങ്ങളായ വ്യക്തി ശുചിത്വം, സാമൂഹ്യ അകലം പാലിക്കല്‍, മാസ്ക് നിര്‍ബന്ധമായും ധരിക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ ജാഗ്രതയുള്ളവരാകണം.