കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയെ കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം : പുതുച്ചേരി മുഖ്യമന്ത്രി
മാഹി : കൊവിഡ് 19 ബാധിച്ച് കണ്ണൂരില്‍ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. കേരളത്തിന്റേയും പുതുച്ചേരിയുടേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മെഹ്റൂഫിന്റെ കുടുംബം കോടതിയെ സമീപിക്കുന്നതിനിടെയാണ് പുതുച്ചേരി മുഖ്യമന്ത്രിയുടെ വിശദീകരണം. മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ കേരള ആരോഗ്യവകുപ്പ് തീരുമാനം എടുക്കണം. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ല. കേന്ദ്രനിര്‍ദേശം അനുസരിച്ചേ പുതുച്ചേരിക്കും പ്രവര്ത്തിക്കാനാവുവെന്നും നാരായണസ്വാമി പറഞ്ഞു.
കൊവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉള്‍പെടുത്തണമെന്നാണ് കേന്ദ്രം പറയുന്നത് . എന്നാല്‍ മെഹ്റൂഫ് മരിച്ചത് കേരളത്തില്‍ വച്ചാണെങ്കിലും മാഹി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 11ന് പരിയാരം മെഡിക്കല്‍ കോളജില്‍വെച്ചാണ് മെഹ്റൂഫ് മരിച്ചത്. മെഹ്റൂഫിന്റെ മൃതദേഹം കൊവിഡ് ഭീതിയില്‍ നാട്ടിലേക്ക് കൊണ്ടുപോയില്ല. മെഡിക്കല്‍ കോളജിന് തൊട്ടടുത്ത് പരിയാരം കോരന് പീടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കുകയായിരുന്നു.