‘അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് നഗരസഭ അറിഞ്ഞില്ല; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പറ്റിയില്ല’; ജില്ലാ ഭരണകൂടത്തിനെതിരെ തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍.
അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും ആവശ്യമായ മുന്നറിയിപ്പ് ഡാം തുറക്കുന്നതിന് മുന്‍പ് നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു.
‘വെള്ളത്തിന്റെ അളവ് കൂടിയതുകൊണ്ട് ഷട്ടര്‍ തുറന്നുവിട്ടതായിരിക്കാം. എന്നാല്‍ അത്തരം അറിയിപ്പ് നഗരസഭയ്ക്ക് ലഭിച്ചില്ല. അതുകൊണ്ട് തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കാനും കഴിഞ്ഞില്ല.
ചെയ്യേണ്ട കാര്യങ്ങള്‍ ആ സമയത്ത് തന്നെ ചെയ്യണം. സംഭവിച്ച് കഴിഞ്ഞതിന് ശേഷം ഇത്തരം സംസാരം ഉണ്ടായതുകൊണ്ട് കാര്യമില്ല. നേരത്തെ തന്നെ കൂടിയാലോചനകള്‍ നടത്തുകയും തീരുമാനം എടുക്കുകയുമാണ് വേണ്ടത് ‘, അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പുലര്‍ച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറക്കേണ്ടി വന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
പുലര്‍ച്ചെ രണ്ട് മണിക്ക് പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് അരുവിക്കര ഡാം നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ശക്തമായ മഴ വന്നത്. ദുരന്ത നിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തേയും അറിയിച്ച ശേഷമാണ് അഞ്ച് ഷട്ടറുകളും തുറന്നതെന്ന് ജല അതോറിറ്റി അറിയിച്ചു.
രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ ഓരോ ഷട്ടറുകള്‍ നടപടി ക്രമങ്ങള്‍ പാലിച്ചാണ് തുറന്നത്. എന്നാല്‍ തുറക്കുന്നതിന് മുന്‍പ് ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് വേണ്ട മുന്നറിയിപ്പ് നല്‍കിയിരുന്നില്ല.
തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായതിന് കാരണം കിളിയാര് കരകവിഞ്ഞതുകൊണ്ടാണെന്നും അരുവിക്കര ഡാം തുറന്നതുമായി ഇതിന് ബന്ധമില്ലെന്നും അരുവിക്കരയിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ കരമന ആറിലാണ് വെള്ളം ഉയര്‍ന്നതെന്നുമാണ്
ജല അതോറിറ്റിയുടെ വിശദീകരണം.