കോളേജുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം കോളേജുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ ഒന്നിന് തന്നെ കോളേജുകൾ തുറക്കുമെങ്കിലും റെഗുലർ ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്തും. ടിവി, ഡിറ്റിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതി ഓൺലൈൻ പഠനരീതി സൗകര്യപ്രദമാക്കാനാണ് തീരുമാനം. ഇതിനുള്ള സാദ്ധ്യതകൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്വം പ്രിൻസിപ്പൽ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ പഠനത്തിനായുള്ള സംവിധാനങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്കായി അത്തരം സംവിധാനങ്ങൾ ലഭ്യമാക്കാൻ പ്രിന്സിപ്പള്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.