സംസ്ഥാനത്തെ ബെവ്കോ വെയർ ഹൗസുകൾ പ്രവർത്തനം തുടങ്ങണം, മദ്യ വിതരണം ആരംഭിക്കുന്നതിനു മുന്നോടിയായി നിർദേശവുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ വെയർ ഹൗസുകൾ പ്രവർത്തനം ആരംഭിക്കാൻ സംസ്ഥാന സർക്കാർ നിർദേശം. മൊബൈൽ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ആവശ്യമായ കാര്യങ്ങൾ ശേഖരിക്കാനും, ലേബൽ മദ്യക്കുപ്പികളിൽ ഒട്ടിക്കാനുമാണ് നിർദേശം.പൊലീസ് സാന്നിദ്ധ്യത്തിൽ ലോഡിറക്കാനും നിർദേശിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരെ വെയർ ഹൗസിലെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാനും സർക്കാർ നിർദേശമുണ്ട്. സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഓൺലൈൻ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവിൽപന നടത്താനെന്നും ഇതിനുള്ള മൊബൈൽ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവിൽപന ആരംഭിക്കാമെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.സംസ്ഥാനത്തെ 301 ബെവ്കോ – കൺസ്യൂമർഫെഡ് വിൽപനശാലകൾ വഴിയും സ്വകാര്യ ബാറുകൾ – വൈൻ പാർലറുകൾ എന്നിവ വഴിയും മദ്യം പാഴ്സാലായി വിൽക്കാമെന്നും എന്നാൽ എല്ലായിടത്തേയും മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാക്കി മദ്യവിൽപന ശാലകളുടെ പ്രവർത്തന സമയം സംസ്ഥാന സർക്കാർ പുനക്രമീകരിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.