സൗദിയിൽ ചെറിയ പെരുന്നാൾ 24ന് ഞായറാഴ്ച്ച
റിയാദ്: ജ്യോതിശാസ്ത്ര കണക്കുകളിൽ മെയ് 22 വെള്ളിയാഴ്ച ശവ്വാലിലെ ചന്ദ്രക്കല കാണാൻ യാതൊരു സാധ്യതയുമില്ലെന്ന് റിയാദിനടുത്തുള്ള മജ്മ സർവകലാശാല നിരീക്ഷണാലയത്തിലെ ജ്യോതിശാസ്ത്രജ്ഞർ. 30 ദിവസത്തെ റമദാൻ ഉപവാസം പൂർത്തിയാക്കുമെന്നും ചെറിയ പെരുന്നാൾ മെയ് 24 ഞായറാഴ്ച ആയിരിക്കുമെന്നും പ്രസ്താവിച്ചു.
ജ്യോതിശാസ്ത്ര നിരീക്ഷണ സൈറ്റിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയ കണക്കുകൂട്ടലുകൾ പ്രകാരം സൂര്യൻ വൈകുന്നേരം 6:39 ന് 293 ഡിഗ്രിയിൽ അസ്തമിക്കുമെന്നും, റമദാൻ 29 വെള്ളിയാഴ്ച വൈകുന്നേരം 6:26 ന് സൂര്യാസ്തമയത്തിന് 13 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നാണ്.
കൂടാതെ, 22ന് വെള്ളിയാഴ്ച സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് ചന്ദ്രക്കല അസ്തമിക്കുമെന്നും റമദാൻ 30 ദിവസം പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച ഈദ് ആയിരിക്കുമെന്നും അൽ-ഖസിം സർവകലാശാലയിലെ ഭൂമിശാസ്ത്ര വകുപ്പിലെ കാലാവസ്ഥാ വിഭാഗം പ്രൊഫസർ ഡോ. അബ്ദുല്ല അൽ മോസ്നാദും പ്രസ്താവിച്ചു.
സൗദിയിൽ ആദ്യമായാണ് ചന്ദ്രകല ദർശിക്കാനുള്ള സാധ്യത കണക്ക് നോക്കി തീരുമാനിക്കുന്നത്.
അതേ സമയം റമദാൻ 29 വെള്ളിയാഴ്ച്ച മാസപ്പിറവി നിരീക്ഷിക്കാൻ പൊതുജനങ്ങളോട് സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു.