കാസര്‍കോട്ട് കുടുങ്ങിയ കശ്മീര്‍ സ്വദേശിയും ബന്ധുവും നാട്ടിലേക്ക് മടങ്ങി ,കൈത്താങ്ങായത് മുനിസിപ്പൽ സെക്രട്ടറിയും ഐ.എൻ.എൽ നേതാവ് സിദ്ദിക്ക് ചേരങ്കൈയും
കാസര്‍കോട്: കാശ്മീരില്‍ നിന്ന് പഠനത്തിനായി കാസര്‍കോട്ടെത്തിയ വിദ്യാര്‍ത്ഥിക്ക് കാസര്‍കോട് നഗരസഭാ അധികൃതരുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലില്‍ നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി. കാശ്മീര്‍ പുഞ്ചിലെ ഇമ്രാനും (17) കൂടെയെത്തിയ ബന്ധു ഫാറൂഖും (33) ഇന്ന് നാട്ടിലേക്ക് മടങ്ങി. ലോക് ഡൗണിനെ തുടര്‍ന്ന് കാസര്‍കോട്ട് കുടുങ്ങിയ ഇരുവരും കാസര്‍കോട് നഗരസഭ സെക്രട്ടറി ബിജുവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കുള്ള വഴിയൊരുങ്ങുകയായിരുന്നു. ഇദ്ദേഹം ഇടപെട്ട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും തുടര്‍ നടപടികളും ചെയ്തുകൊടുത്തു. സെക്രട്ടറിയുടെ വാഹനത്തിലാണ് ഇരുവരേയും ഇന്നലെ വൈകിട്ടോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെത്തിച്ചത്. ഇവര്‍ ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് നിന്നും ജമ്മു കാശ്മീരിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനില്‍ യാത്രതിരിച്ചു. കോഴിക്കോട് മര്‍ക്കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഇമ്രാന്. അവിടെ നിന്ന് ടി.സി. വാങ്ങിയ ശേഷം കാസര്‍കോട് ദേളിയിലെ സഅദിയയില്‍ പഠിക്കാനാണ് ബന്ധു ഫാറുഖിന്റെ സഹായത്തോടെ ഇവിടെ എത്തുന്നത്. കാസര്‍കോട്ടെത്തിയ പിറ്റേന്നാണ് ലോക് ഡൗണ്‍ പ്രഖ്യാപനം ഉണ്ടായത്. അതോടെ സഅദിയ അധികൃതര്‍ അഭയം നല്കി. എന്നാല്‍ ലോക്ഡൗണായതിനാല്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളടക്കം നേരത്തേ നാടണഞ്ഞിരുന്നു. സഅദിയയുടെ കാരുണ്യത്തില്‍ കഴിഞ്ഞിരുന്നുവെങ്കിലും അവിടെ നിന്ന് ഇരുവരും കാസര്‍കോട്ടെത്തി. വിവരം മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം നടത്തുന്ന പൊതുപ്രവര്‍ത്തകനും ഐ.എന്‍.എല്‍ മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറിയുമായ സിദ്ധീഖ് ചേരങ്കൈയുടെ ചെവിയിലെത്തിയതോടെ ഇവരെ സഹായിക്കുകയായിരുന്നു. ഇവര്‍ക്ക് താമസിക്കാനായി മാര്‍ക്കറ്റിന് സമീപത്തെ ഹില്‍ ടോപ്പ് ലോഡ്ജിന്റെ ഉടമയുമായി ബന്ധപ്പെടുകയും സൗജന്യമായി താമസമൊരുക്കുകയും ചെയ്തു. ഭക്ഷണ കാര്യങ്ങള്‍ സിദ്ധീഖും സുഹൃത്തുക്കളും ഏറ്റെടുത്തു. സമീപത്തെ വീടുകളില്‍ നിന്നും ഭക്ഷണവും നല്കി. കയ്യിലുള്ള പണം തീരുകയും മറ്റുള്ളവരെ നൊമ്പരപ്പെടുത്തുകയുമുണ്ടായതില് ഇരുവര്‍ക്കും വേദനയുണ്ടായിരുന്നു. എങ്ങനെയും നാട്ടില്‍ എത്തണമെന്ന ചിന്തയായിരുന്നു ഇവര്‍ക്ക്. രോഗം പടരുന്ന ആധിയും ഇവര്‍ പങ്ക് വെച്ചു. പിന്നീട് ഇവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സിദ്ദീഖ്.
ഇവര്‍ക്കുള്ള യാത്ര- വഴി ചെലവിനുള്ള പണവും സിദ്ധീഖും സമാനമനസ്ക്കരും നല്കി. തങ്ങളെ കൈവിടാതെ വെള്ളവും ഭക്ഷണവും താമസ സൗകര്യവും ഒരുക്കി തന്ന കാസര്‍കോട്ടുകാരെ മറക്കില്ലെന്ന് പറഞ്ഞാണ് സന്തോഷക്കണ്ണീരൊടെ അവര്‍ കാസര്‍കോട് വിട്ടത്.