ഉംപുണിൽ തകർന്ന ബംഗാളിന് മോദി ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു
ഉംപുൺ വലിയ ആഘാതമാണ് ബംഗാളിന് ഏൽപ്പിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ അയക്കുമെന്ന് അറിയിച്ചു.
കൊൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റിൽ തകർന്ന ബംഗാളിന് പ്രധാനമന്ത്രി ആയിരം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കം രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രം ദുരന്ത ഘട്ടത്തിൽ ബംഗാളിനും ഒഡീഷയ്ക്കുമൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഉംപുൺ വലിയ ആഘാതമാണ് ബംഗാളിന് ഏൽപ്പിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ അയക്കുമെന്ന് അറിയിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ സഹായ ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷമഘട്ടത്തിൽ രാജ്യം മുഴുവൻ ബംഗാളിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഉംപുൺ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്തന്നതിനായി ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോടൊപ്പമാണ് പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തിയത്.
ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 80 പേരും ഒഡീഷയിൽ രണ്ട് പേരുമാണ് മരിച്ചത്. ഇത് വലിയ ദുരന്തമാണെന്നും ആറ് ലക്ഷം പേരെ ഒഴിപ്പിച്ചുവെന്നും മമതാ ബാനർജി പറഞ്ഞിരുന്നു. ചുഴലി കാറ്റ് ദുര്‍ബലമായെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.