കാസർകോട് ദേശീയപാത അറ്റകുറ്റപ്പണി തുടങ്ങി ,റീ ടാറിങ് പുരോഗമിക്കുന്നു
കാസർകോട് :കാലവർഷത്തിനുമുമ്പായി ദേശീയപാത നന്നാക്കൽ ആരംഭിച്ചു. കുമ്പള പെർവാഡ് മുതൽ അണങ്കൂർ ഹൈവേ കാസിൽ ഹോട്ടൽ വരെയുള്ള റോഡാണ് റീടാറിങ്ങ് ചെയ്യുന്നത്. ഉപരിതലം പുതുക്കലാണ് നടക്കുന്നത്. 11 കിലോ മീറ്റർ റോഡിന് അഞ്ച് പ്രവൃത്തികളായി 5.3 കോടി രൂപയാണ് ചെലവിടുന്നത്. ഇതിൽ 3.5 കോടി സംസ്ഥാന സർക്കാരും 1.8 കോടി ദേശീയപാത അതോറിറ്റിയും വഹിക്കുന്നു. കറന്തക്കാട് മുതൽ അണങ്കൂർ വരെയുള്ള പ്രവൃത്തി ബുധനാഴ്ച ആരംഭിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ഈ റീച്ചിൽ റോഡ് ടാർ ചെയ്യുന്നത്.
ദേശീയപാത വികസനം നടക്കുന്നതിനാൽ 2016 മുതൽ റീ ടാറിങ്ങിനായി ദേശീയപാത അതോറിറ്റി തുക അനുവദിച്ചിരുന്നില്ല. ഇത്തവണ ടാറിങ്ങ് നടത്തിയില്ലെങ്കിൽ കാസർകോട് നഗരത്തിലെയും പരിസരത്തെയും റോഡ് തകർന്ന് കുളമാകുമായിരുന്നു. കാസർകോട് –-തലപ്പാടി വഴിയിൽ യാത്ര ദുസ്സഹമാകുമായിരുന്നു.
കഴിഞ്ഞ 13 നാണ് പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മഴയുടെ ഭീഷണിയിൽ തീർക്കേണ്ടതിനാൽ ഏറ്റെടുക്കാൻ കരാറുകാർ മടിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് തയ്യാറായത്. ടാറിങ്ങ് പൂർത്തിയാകാൻ രണ്ടാഴ്ച വേണം.നേരത്തെ കുമ്പള പെർവാഡ് –-ചട്ടഞ്ചാൽ റീച്ചിൽ റോഡ് ബലപ്പെടുത്തി ഉപരിതലം പുതുക്കാൻ 25 കോടി രൂപയുടെ സാമ്പത്തികാനുമതി ദേശീയപാത അതോറിറ്റി നൽകിയിരുന്നു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനാൽ ഇത് റദ്ദാക്കി.
തലപ്പാടി –-കുമ്പള പെർവാഡ് റീച്ചിൽ റോഡ് ബലപ്പെടുത്തി ഉപരിതലം പുതുക്കി. നീലേശ്വരം മുതൽ പരിയാരം വരെയുള്ള റോഡ് പുതുക്കാൻ 25 കോടി രൂപയുടെ കരാറായിട്ടുണ്ട്.