വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി
ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്ന് വ്യോമയാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73 കാരിയായ കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസ തടസ്സവും ഉണ്ടായിരുന്നുവെന്നും ബുധനാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖദീജ മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മകനടക്കം അഞ്ച് പേരാണ് ഇപ്പോള്‍ ക്വാറന്റൈനിലുള്ളത്. മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇന്നലെയാണ് മരണം സംഭവിച്ചത്. എന്നാല്‍ ഇന്ന് വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.