കോഴിക്കോട്: ലോക്ക്ഡൗണിലെ സര്‍വീസുകള്‍ കെ എസ് ആര് ടി സിക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ഒറ്റ ദിവസത്തെ സര്‍വീസ് കൊണ്ടു മാത്രം 59,91,388 രൂപയാണ് കെ എസ് ആര് ടി സിയുടെ നഷ്ടം. സംസ്ഥാനത്താകെ 1319 സര്‍വീസുകള്‍ കെ എസ് ആര് ടി സി നടത്തിയിരുന്നു. കോഴിക്കോട് 207, എറണാകുളം 478, തിരുവനന്തപുരം 634 എന്നിങ്ങനെയാണ് സോണ്‍ തിരിച്ചുള്ള സര്‍വീസുകളുടെ എണ്ണം.
കിലോ മീറ്ററിന് 45 രൂപ 28 പൈസ കിട്ടിയാല്‍ മാത്രമേ സര്‍വീസിന്റെ ചെലവ് ലഭിക്കുകയുള്ളൂ. എന്നാല്‍ ലോക്ക്ഡൗണ്‍ സര്‍വീസിന് കിലോ മീറ്ററിന് ലഭിച്ചത് ശരാശരി 17 രൂപ മാത്രമാണ്.
ഈ സാഹചര്യം മുന്നില്‍ കണ്ട് പൊതുഗതാഗതസംവിധാനങ്ങളെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് എ കെ ശശീന്ദ്രന് പറഞ്ഞു.
ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ എണ്ണ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്ബനികളുമായി ചര്‍ച്ച നടത്തണം. ഇത്തരം ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ മുന്നോട്ടുപോവാനാവാത്ത സ്ഥിതിയിലെത്തുമെന്ന് മന്ത്രി പറഞ്ഞു.