തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ ചടഞ്ഞുകൂടിയിരുന്ന് മുഷിഞ്ഞെന്ന് കരുതി സൈബര്‍ ലോകത്ത് അപരിചിതരുമായി സൗഹൃദത്തിന് പോകുന്നവര്‍ സൂക്ഷിക്കണം!സമൂഹമാദ്ധ്യമങ്ങള്‍ വഴി നിങ്ങളുമായി സൗഹൃദം തേടിയെത്തി ലൈവ് വീഡിയോകള്‍ക്കും മറ്റും മുതിരുന്നവരെ കരുതിയിരിക്കുക.
സൂക്ഷിച്ചില്ലെങ്കില്‍ മാനവും പിന്നാലെ പണവും നഷ്ടപ്പെട്ടേക്കാം.
ലോക്ക് ഡൗണ്‍ കാലത്ത് ക്രമസമാധാന പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവില്ലെന്നാണ് സൂചന. ഫോണ്‍ വഴിയും സമൂഹ മാദ്ധ്യമങ്ങള്വഴിയും സ്ത്രീകളെ അപമാനിക്കുകയും മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ വിലപേശല്‍ നടത്തുകയും ചെയ്യുന്നവരാണ് ഇപ്പോള്‍ വില്ലന്മാര്. വീട്ടമ്മമാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കുമൊപ്പം യുവാക്കളെയും വലയിലാക്കാന്‍ വിരുതന്മാരാണിവര്.ഒറ്റനോട്ടത്തില്‍ തങ്ങളാണെന്ന് ഇരകള്‍ക്ക് തോന്നുന്ന വിധത്തിലുള്ള രൂപഭാവങ്ങളോട് കൂടിയ വീഡിയോകളാണ് ഇത്തരക്കാര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫോണ്‍കോളുകളിലോ ചാറ്റിംഗിലോപെട്ട് ഇരകളായവരാണെങ്കില്‍ അവരുമായി ഇത്തരം വീഡിയോകളുടെ പേരില്‍ വിലപേശി പണം തട്ടുകയോ മറ്റ് രീതികളില്‍ ചൂഷണം ചെയ്യുന്നതോ ആണ് ഇവരുടെ രീതി.
തട്ടിപ്പ് വ്യാജ അക്കൗണ്ടുകള്‍ വഴി
സ്ത്രീകളുടെ പേരില്‍ സോഷ്യല്‍ മീഡിയകളിലും ഡേറ്റിംഗ് ആപ്പ്ളിക്കേഷനിലും വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച ശേഷം യുവതിയുവാക്കളോട് ലൈവ് വീഡിയോ വഴി സെക്സ് ചാറ്റിംഗ് നടത്തുകയും തുടര്‍ന്ന് സ്ക്രീന്‍ റെക്കോഡറിന്റെ സഹായത്തോടെ സേവ് ചെയ്ത വീഡിയോയുടെ പേരില്‍ വിലപേശുന്നതുമാണ് ഇവരുടെ രീതി . പണം നല്കാതിരുന്നാല് ചിത്രീകരിച്ച വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും, പോണ്‍ഹബ്ബ്, എക്സ് വീഡിയോസ് മുതലായ പോണ്‍സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും സുഹൃത്തുക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അയക്കുമെന്നും ഭീഷണി മുഴക്കും .
വ്യാജ മേല്വിലാസങ്ങളിലെടുത്ത സിംകാര്‍ഡുകളും ടെമ്ബററി ഡിസ്പോസിബിള്‍ നമ്ബറുകളും ഉപയോഗിച്ച് ഒ.ടി.പി വഴിതിരിച്ചുവിട്ടും ഡിസ്പോസിബിള്‍ ഇ-മെയില്‍ ഐ.ഡി കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇ-മെയില്‍ വിലാസങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴിയാണ് ഇവര്‍ ഇരകളെ ബന്ധപ്പെടുന്നത്.
ഭീഷണി വീഡിയോ എത്തുന്നത് ഓട്ടോ ഡിലിറ്റഡ് മെസേജുകളായി
ഭീഷണിപ്പെടുത്തുവാന്‍ ആദ്യം അയക്കുന്ന വീഡിയോകള്‍ ഓട്ടോ ഡിലീറ്റഡ് മെസേജുകളായിട്ടായിരിക്കും
ഇരകള്‍ക്കു ലഭിക്കുന്നത് . മുന്‍കൂട്ടി സെറ്റ് ചെയ്ത നിശ്ചിത സമയം കഴിയുന്നതോടെ ആ വീഡിയോ ഓട്ടോമാറ്റിക്കായി നശിക്കും അതുകൊണ്ടുതന്നെ പരാതിയോടൊപ്പം വീഡിയോ ഹാജരാക്കാന്‍ പരാതിക്കാരന് സാധിക്കാറില്ല. ഇത് മാത്രമല്ല സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താതിരിക്കാനും പിടിയിലാകാതിരിക്കാനും സൈബര്‍ കുറ്റവാളികള്‍ പല അടവുകളും പയറ്റുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ നമ്ബരുകള്‍ വാടകയ്ക്കെടുത്തും അതിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉപയോഗപ്പെടുത്തിയും ധാരാളം തട്ടിപ്പുകള്‍ നടന്നുവരുന്നുണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ഓര്‍ഗനൈസ്ഡ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തിരിച്ചറിയാന്‍ യുവാക്കള്‍ ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം .
ഇരകളാക്കപ്പെടുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെടുകയും ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തേക്കാം.
ഇരയാകാതിരിക്കാന്‍
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നേരിട്ടറിയാവുന്നവരെ മാത്രം ഫ്രണ്ട്സാക്കുക. ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട് അവരാണെന്ന് ഉറപ്പാക്കിയശേഷമേ സൗഹൃദമാകാവൂ.
ഫ്രണ്ട്സിന്റെ എണ്ണക്കൂടുതല്‍ നോക്കിയല്ല ആരും നിങ്ങളുടെ സ്റ്റാറ്റസ് അളക്കുന്നത് . അത് ഒരു ക്രെഡിറ്റായി കരുതാനും പാടില്ല. പാസ് വേര്‍ഡ് കള്‍ സെറ്റ് ചെയ്യുമ്ബോള്‍ ഒരുകാരണവശാലും ഫോണ്‍ നമ്ബരോ അക്കങ്ങളോ മാത്രമായി ഉപയോഗിക്കരുത് , റെയിന്‍ബോ ടേമ്ബിളിന്റെ സഹായത്തോടെ ഒരു ഹാക്കര്‍ക്ക് നിഷ്പ്രയാസം നിങ്ങളുടെ പാസ് വേര്‍ഡ് കണ്ടുപിടിക്കാനും അക്കൗണ്ട് ഹാക്ക് ചെയ്യാനും സാധിക്കും . അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേര്‍ത്തുണ്ടാക്കിയ പാസ് വേര്ഡുകളിലൂടെയേ ഇത് തടയാനാകൂ. എത്ര അടുത്ത സുഹൃത്തുക്കള്‍ അയച്ച ലിങ്കുകളായാലും ഒരു കാരണവശാലും തുറക്കാന്‍ ശ്രമിക്കരുത് . ഒരു ഹാഷ് സൈഫറിന്റെ സഹായത്തോടെ നിങ്ങളുടെ പാസ് വേഡുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും.
വലയില്‍ വീണാല്‍
സൈബര്‍ കെണിയില്‍ അകപ്പെട്ടെന്ന് ബോദ്ധ്യപ്പെട്ടല് എത്രയും പെട്ടെന്ന് രക്ഷാകര്ത്താക്കളോട് വിവരം പറയുക. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ, സൈബര്‍സെല്ലുമായി ഉടന്‍ ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമെന്ന് കണ്ടാല്‍ നിര്‍ബന്ധമായും കൗണ്‍സിലിംഗിന് വിധേയരാകണം.