കേരളം വിജയിച്ചു ,ഉദ്ധവ് സർക്കാർ പരാജയപ്പെട്ടു:പിണറായിയെ പുകഴ്ത്തി മഹാരാഷ്ട്ര ബിജെപി
മുംബൈ : കോവിഡ് നേരിടുന്നതിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പരാജയമാണെന്നു സ്ഥാപിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെ പുകഴ്ത്തി ബിജെപി മഹാരാഷ്ട്ര ഘടകം. ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭരണപരാജയം ആരോപിച്ച് വെള്ളിയാഴ്ച രാവിലെ 11ന് കറുത്ത റിബണുകളും മാസ്കുകളും ധരിച്ച് പ്ലക്കാർഡുകളുമായി ജനങ്ങൾ വീടുകൾക്കു മുൻപിൽ ഇറങ്ങി നിൽക്കുന്ന വിധമുള്ള സമരം ബിജെപി പ്രഖ്യാപിച്ചിരുന്നു.
അതിനു മുന്നോടിയായി, മഹാരാഷ്ട്ര സർക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചു വിവരിക്കാനാണ് കേരള സർക്കാരിനെ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പുകഴ്ത്തിയിരിക്കുന്നത്. മുംബൈയിലെ ആരോഗ്യമേഖല പൂർണമായും തകർന്നെന്ന് ആരോപിച്ച ചന്ദ്രകാന്ത് പാട്ടീൽ പാവപ്പെട്ടവർക്ക് പാക്കേജ് പ്രഖ്യാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞു. തഹസിൽദാറുമാരെയും ജില്ലാ കലക്ടർമാരെയും കണ്ട് സംസ്ഥാനത്തെ രക്ഷിക്കൂ എന്നാവശ്യപ്പെടുന്ന നിവേദനം നൽകിയ ബിജെപി നേതാക്കൾ നാളത്തെ സമരത്തിൽ സാമൂഹിക അകലം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.