പ്രവാസികളുടെകൂടി നാടാണിത്; അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല – മുഖ്യമന്ത്രി
നമ്മുടെ സഹോദരങ്ങള്‍ക്ക് വരാന്‍ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം അതോടൊപ്പംതന്നെ ഇവിടെ ഉള്ളവര്‍ സുരക്ഷിതരാവുകയും വേണം.
തിരുവനന്തപുരം : വിദേശത്തുനിന്ന് വരുന്നവരെല്ലാം രോഗവാഹകരോ മാറ്റി നിര്‍ത്തപ്പെടേണ്ടവരോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ ജനം വീണുപോകരുത്. പ്രവാസികളുടെകൂടി നാടാണിത്. അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 രോഗം നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. പുതിതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്കി പ്രചരിപ്പിക്കാനിടയായി.
നമ്മുടെ സഹോദരങ്ങള്‍ക്ക് വരാന്‍ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം അതോടൊപ്പംതന്നെ ഇവിടെ ഉള്ളവര്‍ സുരക്ഷിതരാവുകയും വേണം. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ വന്നാല്‍ റെഡ് സോണില്‍നിന്ന് വരുന്നവര്‍ എല്ലാവരുമായും അടുത്ത് ഇടപഴകി അപകടമുണ്ടാക്കും. അതുകൊണ്ടാണ് വാളയാറിലടക്കം ശക്തമായ നിലപാട് സ്വീകരിച്ചത്. ഇതിന് മറ്റൊരു അര്‍ഥം കല്പ്പിക്കേണ്ടതില്ല. അങ്ങനെ വരുത്തിത്തീര്‍ക്കാര്‍ ശ്രമിക്കുന്നവര്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടാകാം.
വരുന്നവരില്‍ ഭൂരിഭാഗം പേരും രോഗബാധയില്ലാത്തവരാണ്. എന്നാല്‍ ചിലര്‍ രോഗവാഹകരാണ്. അത് തെളിഞ്ഞിട്ടുണ്ട്. വരുമ്പോള്‍തന്നെ രോഗവാഹകരെ തിരിച്ചറിയാന്‍ കഴിയില്ല. കൂട്ടത്തില്‍ രോഗവാഹകര്‍ ഉണ്ടാകാം. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമെ വഴിയുള്ളു. അവരുടെ രക്ഷയ്ക്കും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും അത് ആവശ്യമാണ്.