നിയന്ത്രണങ്ങളോടെ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍
കാസർകോട് : കോവിഡ് 19 നിര് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനമ്പര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ജില്ലയില്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ തിരുമാനമായി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ കണ്ട്രോള് കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ തിരുമാനിച്ചത്. സി ആര് പി സി 144 പ്രകാരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ജില്ലയില്‍ തുടരും. ഇതുപ്രകാരം ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. അതീവ ശ്രദ്ധ ചെലുത്തേണ്ട കണ്ടെയ്ന്മെന്റ് സോണുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ മാസ്ക് ഉപയോഗം കര്‍ശനമാക്കും
ജില്ലയില്‍ മാസ്ക് ഉപയോഗം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. സ്പെഷ്യല്‍ ഫോഴ്സ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാസ്ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നിയമനടപടികള്‍ കര്‍ശനമാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായ എസ് എം എസ് (സോപ്പ് / സാനിറ്റൈസര്‍ മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സ്) കര്‍ശനമായി പാലിക്കണം.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം :
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണം. അവശ്യ സര്‍വ്വീസുകളില്‍ നൂറുശതമാനം ഹാജര്‍ ഉറപ്പാക്കണം. എന്നാല്‍ അവശ്യ സര്‍വ്വീസുകളല്ലാത്ത വകുപ്പുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. പരമാവധി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കും. ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നതിന് പകരം ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ സേവനം ഉറപ്പു വരുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ജനങ്ങള്‍ നേരിട്ട് ഓഫീസുകളില്‍ എത്തിയാല്‍ മതിയാവും.
ഇളവുകള്‍ അറിയാം
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം:
സ്വര്‍ണ്ണക്കടകള്‍: സാമൂഹിക അകലം പാലിച്ച് ഉപാധികളോടെ പ്രവര്‍ത്തിക്കാം
സ്പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍
ബാര്‍ബര്‍ ഷോപ്പുകള്‍: ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്ങ് തുടങ്ങിയ പ്രവൃത്തികള്‍ എ സി ഉപയോഗിക്കാതെ നടത്തണം. രണ്ടിലധികം ആളുകള്‍ ഒരേ സമയം കാത്തിരിക്കുന്ന സാഹചര്യം കര്‍ശനമായി ഒഴിവാക്കണം. ഇവിടെത്തുന്നവരുടെ പേരു വിവരങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്ററില്‍ സൂക്ഷിക്കണം.ബാര്‍ബര്‍ ഷോപ്പുകളില്‍ എത്തുന്നവരും, ബാര്‍ബര്‍മാരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ഉപയോഗത്തിന് ശേഷം ഉപകരണങ്ങള്‍ സാനിറ്ററൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം, ശ്വാസ തടസ്സം എന്നിവ ഉള്ളവര്‍ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കണം. ബാര്‍ബര്‍മാര്‍ ഗ്ലൗസ് ഉപയോഗിക്കണം. പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. നിബന്ധനകള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍പെട്ടാല്‍ ഇന്‍സിഡന്റ് കമാന്‍ഡോര്‍സിനെ വിവരം അറിയിക്കണം. ബാര്‍ബര്‍ ഷോപ്പില്‍ എത്തുന്നതിന് മുന്‍പ് ഫോണ്‍ മുഖേന സന്ദര്‍ശന സമയം നിശ്ചയിക്കണം.
കണ്ണട ഷോപ്പുകള്‍: ജീവനക്കാര്‍ കൃത്യമായി സാനിറ്റര്‍ ഉപയോഗിക്കണം. ദിവസവും ഷോപ്പ് അണുവിമുക്തമാക്കണം.കണ്ണട വില്പന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ഫോട്ടോ സ്റ്റുഡിയോ ഷോപ്പുകള്‍: അടച്ചിട്ട മുറിയില്‍ ഫോട്ടോ എടുക്കരുത്. തുറന്ന മുറികളില്‍ ഫോട്ടോ എടുക്കണം.. രോഗവ്യാപന സാധ്യതയുള്ളതിനാല്‍ മെയ്ക്ക് അപ് മുറികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം
മൊബൈല്‍ ഷോപ്പ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്കി
തുണിക്കടകള്‍: ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. എ സി ഉപയോഗിക്കരുത്. രോഗ വ്യാപനത്തിന് സാധ്യത ഉള്ളതിനാല്‍ തുണി കടകളില്‍ ഡ്രെസിങ് ട്രെയല്‍ റൂം ഉപയോഗിക്കരുത്. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
ചെരുപ്പുകടകള്‍ തുറക്കാം. സാമൂഹിക അകലം പാലിക്കണം മാസ്ക്, സാനിറ്റൈസര്‍ നിര്‍ബന്ധം.
ഫാന്‍സി കടകള്‍ തുറക്കാം. സാമൂഹിക അകലം പാലിക്കണം. മാസ്ക് സാനിറ്റൈസര്‍ നിര്‍ബന്ധം
കമ്പ്യൂട്ടര്‍ ഷോപ്പുകള്‍ തുറക്കാം സാമൂഹിക അകലം പാലിക്കണം. മാസ്ക് സാനിറ്റൈസര്‍ നിര്‍ബന്ധം
ഹോട്ടലുകള്‍: പാഴ്സല്‍ വിതരണത്തിനും ഹോം ഡെലിവറിക്കും മാത്രം അനുമതി. ഹോട്ടലുകളില്‍ യാതൊരു കാരണവശാലും ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഉപാധികളോടെ പാഴ്സല്‍ അനുവദിക്കും. ഐസ് ക്രീം പാര്‍ലറുകള്‍ ജ്യൂസ് കടകള്‍ തുടങ്ങിയവ തുറക്കരുത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അനുമതിയുള്ള തട്ടുകടകള്‍ക്ക് തുറന്ന് പാഴ്സല്‍ വിതരണത്തിന് മാത്രം അനുമതി.
കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലെ മത്സ്യ മാര്‍ക്കറ്റുകള്‍ നിലവിലുള്ളസ്ഥിതി തുടരണം. മത്സ്യവില്‍പ്പനയിലും മാസ്ക്, കയ്യുറ, സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാണ്.നിലവിലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവൃത്തിക്കാവു. അല്ലാത്ത പക്ഷം തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ് എന്നിവര്‍ നടപടി സ്വീകരിക്കും.
വാണിജ്യ/വ്യാപാര സ്ഥാപനങ്ങളില്‍ ശുചിമുറികള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കണം. ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. കച്ചവട സ്ഥാപനങ്ങള്‍ ഹോം ഡെലിവറി കൂടുതല്‍ പ്രോത്സാഹിപ്പിക്കണം.
വാഹന യാത്രകള്‍: ഓട്ടോ-ടാക്സി സര്‍വ്വീസ് നടത്താം. ഓട്ടോ റിക്ഷയില്‍ ഡ്രൈവര്‍കൂടാതെ ഒരാള്‍ക്കു മാത്രമാണ് അനുമതി. എന്നാല്‍ ഒരേ കുടുംബത്തിലെ മൂന്നു പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ ഒരാളും കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കും. ടാക്സി ഉള്‍പ്പടെ നാലു ചക്ര വാഹനങ്ങളില്‍ ഡ്രെവര്‍ക്കു പുറമേ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം (കുടുംബമാണെങ്കില്‍ മാത്രം മൂന്നു പേര്‍ക്കും പിന്‍സീറ്റ് യാത്ര അനുവദിക്കും). എ സി ഉപയോഗം പാടില്ല.വാഹനത്തില്‍ കയറും മുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കണം. മാസ്ക് നിര്‍ബന്ധം.
കെ എസ് ആര് ടി സി, ബസ് സര്‍വ്വീസുകള്‍: ഒരു ബസിലും 30 കൂടുതല്‍ ആളുകള്‍ പാടില്ല. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ഇത് കണ്ടക്ടര്‍ ഉറപ്പാക്കണം. നിബന്ധനകള്‍ക്ക് വിരുദ്ധമായി ആളുകള്‍ ബസിലുണ്ടായാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
റെയില്‍വെ റഗുലര്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചാല്‍ യാത്രക്കാര്‍ നിര്‍ബന്ധമായും കോവിഡ് 19 ജാഗ്രതാ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പാസ് കരുതണം. രജിസ്റ്റര്‍ ചെയ്യാത്തവരെ പ്രത്യേക വാഹനത്തില്‍ ഒരു കേന്ദ്രത്തിലെത്തിച്ച് അവരുടെ പേരുവിരങ്ങള്‍ ശേഖരിക്കും. രോഗ ലക്ഷണമുള്ളവരെ ക്വാറന്റീന് ചെയ്യും കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഡാറ്റാ ശേഖരണത്തിന് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍മാരെ ചുമതപ്പെടുത്തി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി എസ് സാബു, സബ് കളകടര്‍ അരുണ്‍ കെ വിജയന്, എ ഡി എം എന്‍ ദേവിദാസ്,ഡി എം ഒ ഡോ എ വി രാംദാസ് ഡെപ്യൂട്ടി ഡി എം ഒ ഡോ എ ടി മനോജ്, മറ്റ് ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സൗജന്യ ഭക്ഷ്യ കിറ്റുകള്‍ 25 മുതല്‍ സപ്ലൈകോ ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യും
സപ്ലൈകോ തയ്യറാക്കി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇന്ന് (മെയ് 21) അവസാനിക്കും. ഇന്നുകൂടി വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം സഹിതം ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യ കിറ്റുകള്‍ വാങ്ങാം. മെയ് 21 നകം റേഷന്‍ കടകളില്‍ നിന്ന് കിറ്റുകള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കു സപ്ലൈകോ ഔട്ട്ലെറ്റുകള് മെയ് 25 മുതല്‍ സപ്ലൈകോ ഔട്ട്ലെറ്റുകള് വഴി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.