55 ദിവസത്തിന് ശേഷം നിരത്തിലിറങ്ങി ഓട്ടോ റിക്ഷകൾ; പ്രതിസന്ധി തീരുന്നില്ലെന്ന് ഡ്രൈവർമാർ
ഓട്ടോകൾ സ്റ്റാൻഡിൽ നിരത്തിയിട്ട് ആരെങ്കിലും ഓട്ടം വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് എല്ലാവരും. കഴിഞ്ഞ 55 ദിവസമായി പുറത്തിറക്കാതിരുന്ന ഓട്ടോകൾ വായ്പ എടുത്ത പണം കൊണ്ട് അറ്റകുറ്റപണികൾ തീർത്താണ് ഭൂരിപക്ഷവും നിരത്തിൽ ഇറക്കിയത്.
തൊടുപുഴ: ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുമതി നൽകിയെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ലെന്ന് ഡ്രൈവർമാർ. ആളുകൾ കാര്യമായി പുറത്തിറങ്ങാത്തതിനാൽ ഓട്ടം കിട്ടുന്നില്ലെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ 55 ദിവസമായി ഇവർക്ക് വരുമാനം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾക്കായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഓട്ടോകൾ സ്റ്റാൻഡിൽ നിരത്തിയിട്ട് ആരെങ്കിലും ഓട്ടം വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് എല്ലാവരും. കഴിഞ്ഞ 55 ദിവസമായി പുറത്തിറക്കാതിരുന്ന ഓട്ടോകൾ വായ്പ എടുത്ത പണം കൊണ്ട് അറ്റകുറ്റപണികൾ തീർത്താണ് ഭൂരിപക്ഷവും നിരത്തിൽ ഇറക്കിയത്.
ഡ്രൈവർ അല്ലാതെ ഒരാൾക്ക് മാത്രമാണ് ഓട്ടോയിൽ കയറാനുള്ള അനുവാദം. സാമൂഹ്യ അകലം പാലിച്ച് ഇരിക്കാൻ സാധിക്കുമെന്നതിനാൽ ഇത് രണ്ടാക്കി ഉയർത്തണമെന്ന് ഡ്രൈവർ മാർ ആവശ്യപ്പെടുന്നു.
ക്ഷേമനിധി അംഗത്വമുള്ള ഡ്രൈവർമാർക്ക് രണ്ടായിരം രൂപ നൽകിയിരുന്നുവെങ്കിലും സംസ്ഥാനത്തുള്ള ഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാരും ക്ഷേമനിധിയിലില്ല. ഈ സാഹചര്യത്തിൽ എല്ലാവരെയും ഉൾപ്പെടുത്തി സാമ്പത്തിക സഹായ പാക്കേജ് അനുവദിക്കണെന്നാണ് ഇവരുടെ ആവശ്യം